സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ഈ താരത്തോട് പ്രേക്ഷകര്‍ക്കുള്ള സവിശേഷമായ പരിഗണന ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ക്ക് കിട്ടുന്ന റിയാക്ഷനുകളില്‍ വളരെ വ്യക്തമാണ്. ദൈനംദിന ജീവിതത്തിലെ സാധാരണ കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന വീഡിയോകളും കുറിപ്പുകളുമൊക്കെയാണ് ചാക്കോച്ചന്‍ പലപ്പോഴും പോസ്റ്റ് ചെയ്യാറ്. ഇപ്പോഴിതാ ഏറ്റവും പുതിയൊരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

കാര്‍ യാത്ര നടത്തുന്നതിന്‍റെ ഒരു ഹ്രസ്വ വീഡിയോ ആണ് ചാക്കോച്ചന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കാറിന്‍റെ മുന്‍സീറ്റില്‍ ഇരുന്നുള്ള പ്രഭാതയാത്രയില്‍ വെയില്‍ മുഖത്തേക്ക് പ്രതിഫലിക്കുന്ന വീഡിയോ ബംഗളൂരുവില്‍ നിന്നുള്ളതാണെന്ന് സൂചിപ്പിച്ചുകൊണ്ട് 'Bangalore Rays' എന്ന് കുറിക്കുകയും ചെയ്തു അദ്ദേഹം. എന്നാല്‍ ട്രോളുമായി അടുത്ത സുഹൃത്തും സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസ് ഉടനെത്തി. 

 

ബംഗളൂരുവിലാണെന്ന് ചാക്കോച്ചന്‍ പറയുന്നത് കള്ളമാണെന്നും ഇത് കൊച്ചി കലൂരില്‍ നിന്നുള്ള ദൃശ്യമാണെന്നുമായിരുന്നു മിഥുന്‍ മാനുവലിന്‍റെ വാദം. "കലൂർ റോഡിൽ വണ്ടിക്കകത്ത് ഇരുന്നു വീഡിയോ ഇട്ടാൽ ബാംഗ്ലൂർ ആകില്ല മിഷ്ടർ..!! അയ്‌ന് മെനക്കെട്ടു ബാംഗ്ലൂർ പോണം..!!", മിഥുന്‍ മാനുവലിന്‍റെ കമന്‍റിന് ആയിരത്തിലധികം ലൈക്കുകളാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ചത്. എന്നാല്‍ മാനുവലിനെ തിരിച്ച് ട്രോളിക്കൊണ്ട് ചാക്കോച്ചനും വൈകാതെ കമന്‍റ് ബോക്സില്‍ എത്തി. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനം ബ്ലോക്കില്‍ പെട്ട സമയത്ത് പുറത്തിറങ്ങിനിന്നുകൊണ്ടുള്ള ഒരു ലഘുവീഡിയോ പങ്കുവച്ചുകൊണ്ട് സുഹൃത്തിന്‍റെ 'ആരോപണ'ത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. റോഡില്‍ നിരനിരയായി കിടക്കുന്ന വാഹനങ്ങള്‍ കര്‍ണാടക രജിസ്ട്രേഷനില്‍ ഉള്ളവയാണ്. ഏതായാലും സിനിമയിലെ പ്രശസ്തരായ സുഹൃത്തുക്കളുടെ പരസ്പരമുള്ള ട്രോളിംഗില്‍ രസം പിടിക്കുകയാണ് ആരാധകര്‍.