മമ്മൂട്ടിയുടേതായി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് വരാനിരിക്കുന്നത്

മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് സെപ്റ്റംബര്‍ 7 എന്ന ദിവസത്തിന് ഒരു പ്രത്യേകതയേ ഉള്ളൂ. മലയാളത്തിന്‍റ മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആണ് അന്ന്. ഇന്ന് 72-ാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകളുമായി പ്രേക്ഷകരും സഹപ്രവര്‍ത്തകരുമായി അനവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. #HappyBirthdayMammootty എന്ന ടാഗ് എക്സില്‍ ട്രെന്‍ഡിംഗുമാണ്. ഇപ്പോഴിതാ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.

മമ്മൂട്ടിയുമായി പഞ്ചഗുസ്തിക്ക് എത്തുന്ന കുഞ്ചാക്കോ ബോബന്‍റെ മകന്‍ ഇസഹാഖ് ആണ് വീഡിയോയില്‍. മത്സരിച്ച് തോല്‍ക്കുന്നതായി അഭിനയിച്ച് ഇസുവിനെ സന്തോഷിപ്പിക്കുകയും ഇസുവിന്‍റെ വിജയത്തില്‍ കൈയടിക്കുകയും ചെയ്യുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം.

അതേസമയം മമ്മൂട്ടിയുടേതായി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് വരാനിരിക്കുന്നത്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡ്, ജിയോ ബേബി ചിത്രം കാതല്‍: ദി കോര്‍, ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബസൂക്ക, രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്നിവയ്ക്കൊപ്പം എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രത്തിലെ ഒരു ഭാഗത്തിലും മമ്മൂട്ടി നായകനാണ്. കടുഗണ്ണാവ എന്ന യാത്ര എന്ന എംടിയുടെ കഥ സിനിമാരൂപത്തില്‍ എത്തിക്കുന്നത് രഞ്ജിത്ത് ആണ്. ഇതില്‍ ഭ്രമയുഗത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തെത്തിയിരുന്നു. കറ പിടിച്ച പല്ലുകളും നര കയറിയ താടിയും മുടിയുമൊക്കെയായി ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ എത്തുന്നത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഒരു ദുര്‍മന്ത്രവാദിയാണ് ഈ കഥാപാത്രമെന്നും നാ​ഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ആളാണ് ഇതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. 

ALSO READ : കസേരയില്‍ നിവര്‍ന്നിരുന്ന് നായകന്‍; മോണോക്രോമില്‍ ഞെട്ടിക്കാന്‍ മമ്മൂട്ടി