ആരോഗ്യസംരക്ഷണത്തില്‍ ഏറെ തല്‍പരമായ താരമാണ് ലിസി ലക്ഷ്‍മി. യോഗാഭ്യാസത്തില്‍ ഏറെ പ്രാഗത്ഭ്യമുള്ള അവര്‍ തനിക്ക് വഴങ്ങുന്ന നിരവധി പോസിഷനുകളില്‍ യോഗ പരിശീലിക്കുന്നതിന്‍റെ നിരവധി ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ കളരി അഭ്യസിക്കുന്നതിന്‍റെ നേട്ടങ്ങളെക്കുറിച്ച് പറയുകയാണ് ലിസി, താന്‍ കളരി അഭ്യസിക്കുന്നതിന്‍റെ ഒരു ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ട്.

കളരി അഭ്യസിക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്നും തന്നെപ്പോലെ വളരെ കുറച്ചുമാത്രം അഭ്യസിച്ചാലും ശാരീരിക, മാനസിക ആരോഗ്യം പരിപാലിക്കാന്‍ ഒരു മികച്ച മാര്‍ഗ്ഗമാണിതെന്നും ലിസി പറയുന്നു. "ഒരു മികച്ച കലയാണ് കളരി. ചുവടുകളുടെയും വടിവുകളുടെയും മിശ്രണമാണ് കളരി അടവുകള്‍. കലൈ റാണി, ലക്ഷ്‍മണ്‍ ഗുരുജി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ഇത്. ബാല്യത്തിലോ കൗമാരത്തിലോ ഇത് പഠിക്കാനാവാതെപോയതിന്‍റെ വിഷമമുണ്ട്. ഇതിന്‍റെ ആരോഗ്യപരമായ നേട്ടങ്ങളും നല്‍കുന്ന അച്ചടക്കവും പരിഗണിച്ച് നമ്മുടെ കുട്ടികളെ സ്കൂളുകളില്‍ കുട്ടികളെ കളരി അഭ്യസിപ്പിക്കണമെന്നാണ് എന്‍റെ അഭിപ്രായം. സ്വയം പ്രതിരോധത്തിന് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് അത് സഹായകരമാവുകയും ചെയ്യും", ലിസി കുറിയ്ക്കുന്നു.