കുട്ടിക്കാലം മുതല്‍ മാഗ്നെറ്റോ എന്ന കഥാപാത്രത്തിന്‍റെ ആരാധകനായിരുന്ന ചെറുപ്പക്കാരന് മാഗ്നെറ്റോയുടെ ശക്തി കൈവരുന്നതിന്‍റെ കഥ പറയുന്ന ഷോര്‍ട് ഫിലിം അവതരണത്തിലെ പുതുമ കൊണ്ട് മികച്ച അഭിപ്രായം നേടുകയാണ്.

കൊച്ചി : ശ്വാസമടക്കിപ്പിടിച്ച് വേണം ഈ ഹ്രസ്വചിത്രം കാണാന്‍! ഓരോ നിമിഷവും പ്രേക്ഷകരില്‍ ആകാംഷ നിറയ്ക്കുന്ന ഹ്രസ്വചിത്രം 'മാഗ്നെറ്റോ' സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ഫാന്‍റസി ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ഷോര്‍ട് ഫിലിം ഹോളിവുഡ് ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തും.

യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതീഷ് സഹദേവാണ്. കുട്ടിക്കാലം മുതല്‍ മാഗ്നെറ്റോ എന്ന കഥാപാത്രത്തിന്‍റെ ആരാധകനായിരുന്ന ചെറുപ്പക്കാരന് മാഗ്നെറ്റോയുടെ ശക്തി കൈവരുന്നതിന്‍റെ കഥ പറയുന്ന ഷോര്‍ട് ഫിലിം അവതരണത്തിലെ പുതുമ കൊണ്ട് മികച്ച അഭിപ്രായം നേടുകയാണ്. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ആനന്ദ് മേനോനാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. 

പതിമൂന്ന് മിനിറ്റ് മൂന്ന് സെക്കന്‍റ് ദൈര്‍ഘ്യമുള്ള ചിത്രം സുല്‍ത്താന്‍ ബ്രദേഴ്സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സസ്പെന്‍സ് ഫാക്ടര്‍ അവശേഷിപ്പിച്ച് അവസാനിക്കുന്ന ഹ്രസ്വചിത്രത്തിന്‍റെ രണ്ടാംഭാഗത്തിനും സാധ്യതയുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.