മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് സലീംകുമാര്‍. എക്കാലത്തും മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ളവയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എന്നുള്ളതാണ് സത്യം. ഹാസ്യതാരം എന്ന ലേബലുണ്ടെങ്കിലും എക്കാലത്തേയും മികച്ച കഥാപാത്രങ്ങളേയും സലീം കുമാര്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. നായകനായി മാത്രമല്ല നിര്‍മ്മാതാവായും സംവിധായകനായും മലയാളസിനിമയുടെ നട്ടെല്ലാണ് സലീംകുമാര്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ സലീംകുമാര്‍, അടുത്ത സുഹൃത്തായ രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതാണിപ്പോള്‍ വൈറലായിരിക്കുന്നത്.

ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതെങ്ങനെയാണ് വൈറലാവുക എന്ന് ചിന്തിച്ച് തലപുകയ്ക്കേണ്ട. കുറിക്കുകൊള്ളുന്ന തന്റെ ഡയലോഗും എഴുതിയാണ് സലീമേട്ടന്റെ ഷെയര്‍. മായാവി എന്ന ചിത്രത്തിലെ എക്കാലത്തേയും മികച്ച ഡയലോഗും കൂട്ടിയാണ് സലീംകുമാര്‍ പിഷാരടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

സലീംകുമാറിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിന്‍ സ്റ്റാലിയന്‍സിലൂടെ മിമിക്രി ലോകത്തേക്ക് കടന്നുവന്ന പിഷാരടിയാണ് ഫേസ്ബുക്കില്‍ ട്രോള്‍ പങ്കുവച്ചത്. സലീംകുമാറും പിഷാരടിയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രത്തിനൊപ്പം 'സകലവിദ്യകളും പഠിപ്പിച്ചത് ഒരു സകലകലാവല്ലഭനാകുമ്പോള്‍, ഓള്‍റൗണ്ടര്‍ അവാര്‍ഡ് പിഷാരടിയുടെ കയ്യില്‍ ഇരിന്നില്ലെങ്കിലാണ് അത്ഭുതം' എന്നതാണ് ട്രോള്‍പോസ്റ്റ്.

അയച്ചുകിട്ടിയ ഈ ട്രോള്‍ പോസ്റ്റ്‌ചെയ്ത് പരസ്യമായി ഗുരുപൂജ ചെയ്തിരിക്കുന്നുവെന്നാണ് ട്രോളിന് ക്യാപ്ഷനായി പിഷാരടി എഴുതിയിരിക്കുന്നത്. ഇതുംപങ്കുവച്ച സലീംകുമാര്‍ എഴുതിയതാണ് സലീം കുമാറിന്റേയും പിഷാരടിയുടേയും ആരാധകര്‍ നിമിഷനേരംകൊണ്ട് ഏറ്റെടുത്തിരിക്കുന്നത്.

മായാവിയിലെ തന്റെതന്നെ ഡയലോഗാണ് പിഷാരടിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് സലീംകുമാര്‍ കുറിച്ചത്. 'അവന് പരസ്യമായി ഗുരുപൂജ ചെയ്യണമെന്ന്, അതും ഫേസ്ബുക്കിന്റെ നടയില്‍വച്ച്. ഞാന്‍ ഫസ്റ്റിലെ പറഞ്ഞതാണ് കയ്യബദ്ധം ഒന്നും കാണിക്കരുത്, നാറ്റിക്കരുതെന്ന്.' ആരാധകര്‍ മകന്റുകള്‍കൊണ്ടും ഷെയറുകള്‍കൊണ്ടും പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.