പ്രേക്ഷകപ്രീതിയിലേക്ക് വളരെവേഗം എത്തിയ പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ വലിയ കൃത്രിമത്വമൊന്നും ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയുടെ വിജയകാരണം. 'വാനമ്പാടി'ക്കുശേഷം ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര എന്നതാണ് തുടക്കത്തില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ പിന്നീട് പരമ്പരയൊന്നാകെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്. കഴിഞ്ഞദിവസം ചിപ്പി പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ പരമ്പരയുടെ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുമുള്ള രണ്ട് സെല്‍ഫി ചിത്രങ്ങളാണ് ചിപ്പി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സാന്ത്വനത്തിന്‍റെ ഒട്ടനവധിയായ ഫാന്‍ പേജുകളിലെല്ലാം ചിത്രങ്ങള്‍ വൈറലാണ്.

പരമ്പരയില്‍ 'കണ്ണനാ'യെത്തുന്ന അച്ചു സുഗന്ധിനും 'ശിവനാ'യെത്തുന്ന സജിനുമൊപ്പമുള്ള ചിത്രങ്ങളാണ് ചിപ്പി പങ്കുവച്ചത്. 'സഹോദന്മാരോടൊപ്പമുള്ള സെല്‍ഫി' എന്ന ക്യാപ്ഷനോടെയാണ് സ്‌ക്രീനിലെ ഏട്ടത്തിയമ്മ അനിയന്മാരോടൊന്നിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.