സിനിമാ താരങ്ങളേയും മിനിസ്‌ക്രീന്‍ താരങ്ങളേയും പോലെതന്നെയാണ് ആരാധകര്‍ക്ക് അവതാരകരും. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. താരത്തിന്റെ സംസാരശൈലിയും അവതരണരീതിയുമെല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മിനി സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ലക്ഷ്മി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച വീഡിയോയാണ് നിറഞ്ഞ കയ്യടികളോടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ലക്ഷ്മി പാട്ട് പാടുന്നത് ഫ്‌ലിപ് ബുക്ക് ആക്കിയിരിക്കുകയാണ് ഷിനു സുധാകര്‍ എന്ന ആരാധകന്‍. അതിന് നന്ദിയുമായെത്തിയിരിക്കയാണ് ലക്ഷ്മി. നിങ്ങളെയൊന്നും ആരാധകരായല്ല എന്റെ കുടുംബമായാണ് കാണുന്നതെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ലക്ഷ്മി കുറിച്ചിരിക്കുന്നത്. ഇതുണ്ടാക്കാനെടുത്തിരിക്കുന്ന സമയം, കഴിവ് എന്നതിനെ മാനിക്കുന്നുവെന്നും താരം വീഡിയോയുടെ കൂടെ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്.

ലക്ഷ്മിയുടെ കുറിപ്പിങ്ങനെ

''പാടുന്നത് എന്റെ പാഷനാണ്, എന്നാല്‍ ഞാന്‍ പാടുന്നത് കേള്‍ക്കുന്നത് മറ്റൊരാളുടെ പാഷനാണെന്ന് അറിഞ്ഞത് ഇപ്പോഴാണ്. അത് ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. എന്റെ ആരാധകരിലൊരാള്‍ വരച്ച എന്റെയീ ഛായാചിത്രങ്ങള്‍ ശരിക്കും വളരെ മികച്ചതാണ്. പാടുന്ന ഓരോ അക്ഷരങ്ങളും വാക്കുകളും ചിത്രമാക്കുക എന്നതും, അത് പാട്ടുമായി യോജിപ്പിക്കുക എന്നതും തീര്‍ത്തും അതിശയകരമാണ്. ഇങ്ങനൊരു ഫ്‌ലിപ് പുസ്തകം ഉണ്ടാക്കിയതിന്, നിങ്ങളുടെ വിലയേറിയ സമയം ചെലവഴിച്ചതിന്, നിങ്ങളുടെ കഴിവുകള്‍ മനസ്സിലാക്കിത്തന്നതിന് ഹൃദയത്തില്‍നിന്നുള്ള സന്തോഷം അറിയിക്കട്ടെ.. നിങ്ങളൊന്നും വെറും ആരാധകരല്ല, നിങ്ങളെല്ലാവരും എന്റെ കുടുംബം തന്നെയാണ്''