മലയാളിക്ക് പ്രിയപ്പെട്ട താരജോടികളാണ് പേളിയും ശ്രിനീഷും. അവതാരകയും നടിയുമായ പേളിയും ശ്രിനീഷും കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും മലയാളം ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരേയും മലയാളിക്ക് സ്വന്തം വീട്ടുകാരോടെന്നപോലെ ഇഷ്ടവുമാണ്. കഴിഞ്ഞ ദിവസമായിരുന്നു താന്‍ ഗര്‍ഭിണിയിണെന്ന് പേളി ആരാധകരെ അറിയിച്ചത്. അതിനുശേഷം ഗര്‍ഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും ശ്രിനീഷും പേളിയും പങ്കുവച്ചിരുന്നു.

കഴിഞ്ഞദിവസം പേളി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രവും അതിനോടൊപ്പം പേളി നല്‍കിയ കുറിപ്പുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കുറച്ച് കുട്ടികളോടൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന പേളിയെയാണ് ചിത്രത്തില്‍ കാണുന്നത്. ഒരുകുട്ടിയെ കെട്ടിപ്പിടിച്ച് പേളിയും കുട്ടികളോടൊത്ത് കളിക്കുന്നതിനിടെ എടുത്തതാണ് ചിത്രം. ചിത്രം എവിടെ നിന്നും എടുത്തതാണെന്നും, എപ്പോഴെടുത്തതാണെന്നുമൊന്നും പേളി പറയുന്നില്ല.

എന്നാല്‍ പേളി ചിത്രത്തിന് നല്‍കിയിരിക്കുന്ന കുറിപ്പ് ആരാധകര്‍ എല്ലാംതന്നെ ഏറ്റെടുത്തുകഴിഞ്ഞു. കുട്ടികളാണ് നാളെയുടെ പ്രത്യാശയെന്നും, അവരിലാണ് എനിക്ക് വിശ്വാസമെന്നും, അവര്‍ നമുക്കുള്ള പാഠങ്ങളാണെന്നുമെല്ലാമാണ് പേളി കുറിച്ചിരിക്കുന്നത്. പ്രചോദനമുള്ളതും, മനോഹരമായതുമായ വാക്കുകളാണ് പേളി പറഞ്ഞതെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്.

താരത്തിന്റെ കുറിപ്പിങ്ങനെ

'കുട്ടികള്‍, അവര്‍ ഭാവിയെ കൈപ്പിടിയിലൊതുക്കുകയാണ്. അവരെപ്പോഴും നമ്മെ നിരീക്ഷിക്കുകയും, നമ്മളില്‍നിന്നും പഠിക്കുകയും ചെയ്യുകയാണ്. അവര്‍ക്ക് പ്രചോദനം നല്‍കാന്‍ നിങ്ങള്‍ ഒരു അധ്യാപകനോ, രക്ഷകര്‍ത്താവോ ആകണമെന്നില്ല, അല്ലെങ്കിലും നിങ്ങള്‍ക്കതിന് ഉത്തരവാദിത്തമുണ്ട്. ചിലനേരത്ത് നിങ്ങളുടെ വെറുമൊരു വാക്ക് അവരുടെ ഹൃദയത്തില്‍ തൊട്ടേക്കാം. ഒരു കൂടിക്കാഴ്ച ചിലപ്പോഴവര്‍ക്ക് തീപ്പൊരിയായി മാറിയേക്കാം. സ്‌നേഹം വിലയേറിയതാണ്. ഈയൊരു ചെറിയ ജീവിതകാലത്ത് ഒരു കുട്ടിയെയെങ്കിലും നേതാവാക്കിമാറ്റാന്‍, മഹാനായ മനുഷ്യനാക്കിമാറ്റാന്‍ നിങ്ങള്‍ക്ക് പ്രചോദനമാകാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ ഭാവിക്കൊരു കരുത്തേകുകയാണ്. എനിക്ക് നിങ്ങളോരോരുത്തരോടും സ്‌നേഹമാണ്, നിങ്ങളെ ഓരോരുത്തരേയും വിശ്വാസവുമാണ്.'