മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നടന്‍ ശ്രീനിഷും നടിയും അവതാരകയുമായ പേളി മാണിയും. കഴിഞ്ഞ ദിവസമാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം പേളി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ ശ്രീനിഷും തന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരുന്നു. താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായെത്തിയത്. ഞങ്ങളുടെ ആത്മാവ് ഒന്നാണെന്നുപറഞ്ഞ് ശ്രിനിഷ് പങ്കുവച്ച ഫോട്ടോകളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ പേളിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. താന്‍ ജിമിക്കി കമ്മല്‍ അണിയുന്ന ഒരു ചെറുവീഡിയോയാണ് പേളി പങ്കുവച്ചിരിക്കുന്നത്. 'നിങ്ങളുടെ ജിമിക്കി കമ്മല്‍ കണ്ടുപിടിക്കൂ, ഓണം ഇങ്ങെത്തി' എന്നാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്. അതിനുതാഴെ ശ്രീനിഷ് കുറിച്ച കുസൃതി നിറഞ്ഞ കമന്‍റും ആരാധകശ്രദ്ധ നേടി. 'എന്‍റമ്മേടെ ജിമിക്കി കമ്മല്‍ എന്‍റെ പേളി കട്ടോണ്ടുപോയേ', എന്ന ഹിറ്റ് ഗാനത്തിന്‍റെ വരിയാണ് ശ്രീനിഷ് കുറിച്ചിരിക്കുന്നത്. കണ്ണിറുക്കുന്ന ഇമോജിയാണ് പേളിയുടെ പ്രതികരണം.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സാര്‍ഥികളായിരുന്നു പേളി മാണിയും ശ്രീനിഷും. ഷോ മുന്നേറവെ ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. ആഘോഷിക്കപ്പെട്ട ഒരു പ്രണയമായി അത് മാറി. ബിഗ് ബോസിലെ മുന്നേറ്റത്തിനു വേണ്ടിയുള്ള പ്രണയമാണോ ഇതെന്ന് ഒപ്പമുണ്ടായ മത്സരാര്‍ഥികളും പ്രേക്ഷകരും സംശയിച്ചിരുന്നു. എന്നാല്‍ ആ സംശയങ്ങള്‍ക്കെല്ലാം മറുപടിയെന്നോണം 2019 മെയ് മാസത്തില്‍ ഇരുവരും വിവാഹിതരായി.