എല്ലാ തവണത്തേയും പോലെ എങ്ങനെയാണ് വേദികയുടെ കള്ളം വെളിച്ചത്താവുക എന്നാണ് പരമ്പരയുടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 

സുമിത്ര എന്ന ഒറ്റയാള്‍ പോരാളിയുടെ കഥ പറയുന്ന പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku). സുമിത്രയുടെ (sumithra) അതിജീവനത്തിന്റെ കഥയാണ് പരമ്പര പറയുന്നതെങ്കിലും, നിരന്തരമായി സുമിത്രയെ ഉപദ്രവിക്കുന്ന വേദിക പരമ്പരയിലെ വലിയൊരു ഘടകമാണ്. സുമിത്രയെ ഉപേക്ഷിച്ചശേഷം ഭര്‍ത്താവായിരുന്ന സിദ്ധാര്‍ത്ഥ് വിവാഹം കഴിക്കുന്ന സ്ത്രീയാണ് വേദിക. തനിക്ക് ശല്യമായവരെയും കൂടെ നിന്നവരേയും പറ്റിക്കാനുറച്ചാണ് വേദികയുടെ പുതിയ നീക്കങ്ങള്‍. സുമിത്രയോട് ഇഷ്ടമുള്ള സിദ്ധാര്‍ത്ഥിന്റെ അച്ഛനാണ് അവരുടെ വീട് സുമിത്രയുടെ പേരിലേക്ക് ഇഷ്ടദാനമായി എഴുതി നല്‍കിയത്. എന്നാല്‍ സുമിത്രയോട് വിരോധമുള്ള സിദ്ധാര്‍ത്ഥിന്റെ അമ്മയെ ഉപയോഗിച്ച് ആ വീടിന്റെ ആധാരം തട്ടിയെടുത്ത് പണയപ്പെടുത്തിയിരിക്കയാണ് വേദിക.

ഇപ്പോള്‍ സുമിത്രയുടെ പേരിലുള്ള ശ്രീനിലയം വീട് അമ്മയുടെ പേരിലാക്കാമെന്നും, സുമിത്രയെ അപമാനിച്ച് ഇറക്കിവിടാം എന്നും പറഞ്ഞാണ് സിദ്ധാര്‍ത്ഥിന്റെ അമ്മയെ ഉപയോഗിച്ച് വേദിക ആധാരം മോഷ്ടിക്കുന്നത്. എന്നാല്‍ വേദികയുടെ യഥാര്‍ത്ഥമായ ലക്ഷ്യം അത് പണയപ്പെടുത്തി പണം കൈക്കലാക്കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ മഹേന്ദ്രന്‍ എന്ന ബ്ലേഡ് പലിശക്കാരന് വേദിക ആധാരം കൈമാറുന്നതും, പണം കൈപ്പറ്റുന്നതും.

ശ്രീനിലയത്തില്‍ ആധാരം കാണാതായതിന്റെ തിരച്ചിലുകളാണ് ഇപ്പോള്‍ നടക്കുന്നത്. സുമിത്രയും അച്ഛനുമാണ് ആധിയോടെ ആധാരം തിരക്കി നടക്കുന്നത്. ഇതെല്ലാം അകലെയിരുന്ന് കണ്ട് വേദിക സന്തോഷിക്കുന്നതും പരമ്പരയില്‍ കാണാം. അതും പോരാതെ വീട്ടിലിരിക്കുന്ന സിദ്ധാര്‍ത്ഥിനെ വേദിക ആധാരം കാണാതായ കഥ പറഞ്ഞ് ചൂടാക്കി ശ്രീനിലയത്തിലേക്ക് ഓടിക്കുന്നുമുണ്ട്.

എല്ലാ തവണത്തേയും പോലെ എങ്ങനെയാണ് വേദികയുടെ കള്ളം വെളിച്ചത്താവുക എന്നാണ് പരമ്പരയുടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പക്ഷെ ഇത്തവണ എല്ലായിപ്പോഴത്തേയും പോലെ ആയിരിക്കുമോ, അതോ സുമിത്ര ശരിക്കും പെടുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.