അഞ്ജലിയുടെ മുന്നിൽ വച്ചാണ് ശിവനെ സ്റ്റേഷനിൽവച്ച് പൊലീസ് മർദിക്കുന്നത്. 

കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ് മലയാളിയുടെ ഹൃദയത്തിലിടം നേടിയ പരമ്പരയാണ് സാന്ത്വനം (santhwanam). എന്നാല്‍ ഒരു ത്രില്ലര്‍ പരമ്പരയായാണ് സാന്ത്വനം നിലവില്‍ മുന്നോട്ട് പോകുന്നത്. സാന്ത്വനം വീട്ടിലെ ഹരിയുടെ അമ്മായിയച്ഛനായ തമ്പിയുടെ കുബുദ്ധിയാണ് പരമ്പരയെ ആകെ മാറ്റിമറിച്ചിരിക്കുന്നത്. സാന്ത്വനം വീടുമായി മുന്നേതന്നെ പ്രശ്നമുള്ളയാളാണ് സാന്ത്വനം വീട്ടിലെ ഹരി പ്രണയിച്ച് വിവാഹം കഴിഞ്ഞ അപര്‍ണയുടെ അച്ഛനായ തമ്പി. അഞ്ജലിയുടെ അച്ഛന്‍ ശങ്കരന് പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ തമ്പിയും ശിവനും പലപ്പോഴായി ഉടക്കിയിരുന്നെങ്കിലും, ഇപ്പോള്‍ പ്രശ്‌നമൊന്നും ഇല്ലായെന്ന തരത്തിലാണ് തമ്പി കഴിഞ്ഞ ദിവസങ്ങളില്‍ പെരുമാറിയിരുന്നത്. 

തമ്പിയുടെ സുഹൃത്തായ ജഗന്നാഥന്‍ അഞ്ജലിയുടെ അച്ഛന് കൊടുത്ത പണം തിരികെ വാങ്ങാനായി എത്തുകയും, ശങ്കരന്‍ ഇല്ലാത്തതിനാല്‍ വീട്ടിലെ സ്ത്രീകളെ അനാവശ്യം പറയുകയും ചെയ്യുന്നുണ്ട്. ഇത് കേള്‍ക്കുന്ന ശിവന്‍ ജഗന്നാഥനെ തല്ലുന്നു. ഇതാണ് ഇപ്പോള്‍ ആകെ പ്രശ്‌നമായിരിക്കുന്നത്. ജഗന്നാഥനെ തല്ലിയ സംഭവമറിഞ്ഞ തമ്പി, കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കാനുള്ള പദ്ധതിയാണ് മെനയുന്നത്. ജഗന്നാഥനോട് പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ പറയുന്ന തമ്പി, സ്റ്റേഷനിലെ സുഹൃത്തായ ഓഫീസറെ വിളിച്ച് സംഭവം നല്ല തരത്തില്‍ കൈകാര്യം ചെയ്യാനാണ് പറയുന്നത്. അതിന്‍പ്രകാരം, ശിവനും അഞ്ജലിയും അമ്മ സാവിത്രിയും പൊലീസ് സ്‌റ്റേഷനിലാണുളളത്. അവിടെവച്ച് ശിവനെ പൊലീസ് മര്‍ദ്ദിക്കുന്നുമുണ്ട്.

പണം വാങ്ങി തിരികെ കൊടുത്തില്ലെങ്കില്‍ സാധാരണയായി സംഭവിക്കുന്നതേ, തന്റെ വീട്ടിലും സംഭവിച്ചുള്ളുവെന്നും, ഏതായാലും ജഗന്നാഥനെ തല്ലിയ കേസില്‍ ശിവനെ അഴി എണ്ണിക്കും എന്നെല്ലാമാണ് പൊലീസ് ഓഫീസര്‍ പറയുന്നത്. എന്നാല്‍ കാണുന്നവരെ വരെ സങ്കടപ്പെടുത്തുന്ന ഈ സീനുകളെല്ലാം ഒന്ന് വേഗം അവസാനിപ്പിക്കൂവെന്നാണ് ആരാധകര്‍ പറയുന്നത്. കൂടാതെ പൊലീസ് സ്‌റ്റേഷനില്‍ വച്ചുള്ള എല്ലാവരുടേയും അഭിനയത്തേയും ആരാധകര്‍ പുകഴ്ത്തുന്നുണ്ട്.