മദ്യപിച്ചെത്തിയ ഹരിയെ നിറകണ്ണുകളോടെയാണ് കുടുംബം സ്വീകരിക്കുന്നത്. 

ലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പരമ്പരയാണ് സാന്ത്വനം (Santhwanam serial). ഒരു കൂട്ടുകുടുംബത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ നിമിഷങ്ങള്‍ സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലും, രണ്ട് ആളുകളുടെ രസകരമായ പ്രണയ കൈമാറ്റവുമെല്ലാമാണ് പരമ്പരയെ ചൂടപ്പംപോലെ ആരാധകര്‍ സ്വീകരിക്കാനുണ്ടായ കാരണം. കൂടാതെ സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും ആളുകള്‍ക്ക് ആഘോഷിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചിട്ടുണ്ട്. ശിവാഞ്ജലി എന്ന പ്രണയജോഡികളെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഒരു പാന്‍ ഇന്ത്യന്‍ (മിക്കവാറും എല്ലാ ഭാഷകളിലുമുള്ള പരമ്പരയാണ് പാൻ ഇന്ത്യൻ പരമ്പര എന്നത്) പരമ്പരയാണ് സാന്ത്വനം എന്നു പറയാം. ഓരോ ഭാഷയിലും വ്യത്യസ്തമായ പേരുകളും കഥാപാത്രങ്ങളുമാണ് ഉള്ളതെങ്കിലും എല്ലായിടത്തും പരമ്പരയുടെ റേറ്റിംഗ് കുത്തനെ തന്നെയാണ്.

സാന്ത്വനം വീട്ടിലെ ബാലന്‍-ദേവി ദമ്പതികള്‍ മക്കള്‍ പോലും വേണ്ടെന്നുവച്ചാണ്, അനിയന്മാരെ വളര്‍ത്തുന്നത്. പരസ്പര സ്‌നേഹത്തിലൂന്നി മുന്നോട്ട് പോകുന്ന അനിയന്മാരില്‍ രണ്ട് പേരുടെ വിവാഹവും ഒന്നിച്ചായിരുന്നു. സാന്ത്വനം വീടിന്റെ മനസ്സുപോലെതന്നെ, വന്നുകയറിയ ഭാര്യമാരും സ്‌നേഹമുള്ളവരും കുടുംബസ്‌നേഹികളും ആയിരുന്നെങ്കിലും, അവരുടെ വീട്ടുകാര്‍ അങ്ങനെയായിരുന്നില്ല. ബാലന്റെ അനിയനായ ശിവന്‍ വിവാഹം കഴിച്ച അഞ്ജലിയും അവളുടെ അച്ഛനമ്മയും സാധുക്കളാണ്. എന്നാല്‍ അഞ്ജലിയുടെ അപ്പച്ചിയായ ജയന്തി സാന്ത്വനം വീട്ടിന് ഒരുപാട് ദ്രോഹം ചെയ്യുന്നുണ്ട്. പരദൂഷണവും, അസൂയയും കൈമുതലാക്കിയ ജയന്തി സാന്ത്വനം വീട്ടിലെ ആളുകളെ തമ്മില്‍ തെറ്റിക്കാനും, പോരടിക്കാനുമെല്ലാം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിത്വമാണ്. അവരെക്കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഒരുവിധം അവസാനിപ്പിക്കുമ്പോളേക്കും മറ്റ് ചില പ്രശ്‌നങ്ങള്‍ സാന്ത്വനത്തില്‍ ഉണ്ടാകുന്നുണ്ട്.

ബാലന്റെ നേര്‍ അനിയനായ ഹരിയുടെ ഭാര്യ അപര്‍ണ്ണ, നാട്ടിലെ വലിയ വീട്ടിലെ പെണ്‍കുട്ടിയാണ്. തമ്പി എന്ന നാട്ടു പ്രമാണിയാണ് അവളുടെ അച്ഛന്‍. മകള്‍ ഹരിയെ തന്നിഷ്ടപ്രകാരം വിവാഹം കഴിക്കുന്നതോടെ തമ്പി മകളില്‍നിന്നും അകലുകയും, സാന്ത്വനം വീടിനെ ഒരു ശത്രരാജ്യം എന്ന നിലയ്ക്ക് കാണുകയും ചെയ്യുന്നു. പക്ഷെ പിന്നീട് മകള്‍ ഗര്‍ഭിണിയാണ് എന്നറിയുമ്പോള്‍ തമ്പിയുടെ ശ്രമം മകളേയും മരുമകനേയും തന്റെ വീട്ടിലേക്ക് അടുപ്പിക്കാനായിരുന്നു. അത് നടപ്പാക്കാനായി തമ്പി പല മോശം വഴികളും സ്വീകരിക്കുന്നു.
തന്റെ ഇളയ സഹോദരിയെ സാന്ത്വനത്തിലേക്കയച്ച് അപര്‍ണ്ണയെ കൂട്ടികൊണ്ട് വരാനുള്ള അടവ് പാളുമ്പോള്‍, തമ്പിയുടെ മൂത്ത സഹോദരി രാജേശ്വരി പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. രാജേശ്വരി പ്രശ്നത്തില്‍ ഇടപെടുന്നത് കായികമായിട്ട് കൂടിയാണ്. തന്റെ ഗുണ്ടകളെ വച്ച് അപര്‍ണ്ണയുടെ ഭര്‍ത്താവായ ഹരിയെ വിളിപ്പിക്കുകയും തല്ലുകയുമായിരുന്നു. അത് ചോദിക്കാനെത്തി ശിവനും ഹരിയും രാജേശ്വരിയുടെ ഓഫീസില്‍ തല്ലുണ്ടാക്കുന്നുമുണ്ട്.

ഹരിയെ അപ്പച്ചിയുടെ ഗുണ്ടകള്‍ തല്ലിയെന്നും, ഭീഷണിപ്പെടുത്തിയെന്നും ജയന്തിയില്‍ നിന്നുമറിയുന്ന ഗര്‍ഭിണിയായ അപര്‍ണ്ണ തന്റെ വീട്ടിലേക്ക് പോയി എല്ലാവരേയും ചീത്ത പറയുകയും, തിരികെ പോരാന്‍ നേരം അവിടെ തലകറങ്ങി വീഴുകയുമായിരുന്നു. ആ വീഴ്ച്ചയില്‍ അപര്‍ണ്ണയുടെ ഗര്‍ഭം ഒഴിവായി പോകുകയായിരുന്നു. ഒരു കുഞ്ഞിക്കാല് കാണാന്‍ ആഗ്രഹിച്ച എല്ലാവരും ഈയൊരു പ്രശ്‌നത്തോടെ ആകെ മനോ വിഷമത്തിലാകുകയാണ്. ബാലനും ദേവിയും ഹരിയും, എല്ലാവരുംതന്നെ വിഷമത്തിലേക്ക് കൂപ്പുകുത്തുന്നു. ഏറ്റവും പുതിയ എപ്പിസോഡില്‍ സാന്ത്വനം വീട്ടിലേക്ക് ഹരി, മദ്യപിച്ച് എത്തുന്നതായാണ് കാണിക്കുന്നത്. ഇത്രനാള്‍ മനോഹരമായി മുന്നോട്ട് പോയിരുന്ന കുടുംബം ആകെ തകിടം മറയുന്നതുപോലെയാണ് ഇപ്പോഴുള്ളത്.

മദ്യപിച്ചെത്തിയ ഹരിയെ നിറകണ്ണുകളോടെയാണ് കുടുംബം സ്വീകരിക്കുന്നത്. എന്താണ് ഹരി നീ കാണിക്കുന്നത്, എന്തിനാണ് കുടിക്കുന്നത് എന്നെല്ലാം ഹരിയോട് അപര്‍ണ്ണ ചോദിക്കുന്നുണ്ട്. എന്നാല്‍ കുടിച്ച് വന്നിട്ട് തന്റെ സങ്കടങ്ങളെല്ലാം പറഞ്ഞുതീര്‍ക്കുകയാണ് ഹരി ചെയ്യുന്നത്. നമ്മുടെ കുഞ്ഞിനെ ഇല്ലാതാക്കിയത്, നിന്റെ രാജേശ്വരി അപ്പച്ചിയാണെന്നും, അവരെ ഞാന്‍ വെറുതെ വിടില്ലെന്നും ഹരി അപര്‍ണ്ണയോട് പറയുന്നുണ്ട്. കൂടാതെ നമ്മളെത്ര സ്വപ്‌നം കണ്ടതാണെന്നും, എല്ലാം ഒരു നിമിഷം കൊണ്ട് അവര്‍ തകര്‍ന്ന് കളഞ്ഞില്ലേയെന്നും സങ്കടത്തോടെ ഹരി അപര്‍ണ്ണയോട് പറയുന്നുണ്ട്. ഹരിയുടെ അവസ്ഥ കണ്ടിട്ട് ഹൃദയം തകര്‍ന്നാണ് വീട്ടിലെ എല്ലാവരും നില്‍ക്കുന്നത്. ഇനി വരുന്ന കുറച്ച് എപ്പിസോഡുകള്‍ പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്ന എപ്പിസോഡുകളായിരിക്കും എന്ന് പ്രതീക്ഷിക്കാം.