സുമിത്രയുടെ പിറന്നാളാണ് കുടുംബവിളക്കിലെ പ്രധാന വിശേഷം.

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku Serial). സുമിത്ര (sumithra) എന്ന വീട്ടമ്മയുടെ ജീവിതം പറഞ്ഞുപോകുന്ന പരമ്പരയില്‍ എപ്പിസോഡുകള്‍ അത്യന്തം ആവേശകരമായാണ് അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ അഭിനയമികവു കൊണ്ടും കഥയുടെ കെട്ടുറപ്പുകൊണ്ടും റേറ്റിഗിലും പരമ്പര ഒന്നും രണ്ടും സ്ഥാനങ്ങളിലായാണ് മിക്കപ്പോഴുമുണ്ടാവുക. സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കുന്നു. സിദ്ധാര്‍ത്ഥിന്റെ പുതിയ ഭാര്യയായ വേദികയ്ക്ക് നല്ല രീതിയില്‍ ജീവിക്കുന്ന സുമിത്രയോട് ദേഷ്യമാണ്. ഏത് വിധേയവും സുമിത്രയെ ജീവിതത്തിലും, തന്റെ മുന്നിലും പരാജയപ്പെടുത്തണമെന്നാണ് വേദികയുടെ ആഗ്രഹം. എന്നാല്‍ അതിനായുള്ള വേദികയുടെ സകല പ്ലാനുകളും പാളിപ്പോവുകയാണ്. ഏറ്റവുമൊടുവിലായി വേദിക ശ്രമിച്ചത് സിദ്ധാര്‍ത്ഥിനെ സുമിത്രയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുപ്പിക്കാതിരിക്കുക എന്നതായിരുന്നു.

സുമിത്ര വെറുമൊരു വീട്ടമ്മയായി ഒതുങ്ങിക്കൂടിയപ്പോഴൊന്നും പിറന്നാള്‍ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കുടുംബവിളക്ക് വീട്ടില്‍ സുമിത്രയുടെ പിറന്നാളാഘോഷമാണ്. ഈ വീട്ടില്‍ ആദ്യമായിട്ടായതിനാല്‍ വലിയ രീതിയില്‍ തന്നെയാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പിറന്നാളിന് സിദ്ധാര്‍ത്ഥിന് ക്ഷണം കിട്ടിയെങ്കിലും, അങ്ങോട്ട് സിദ്ധാര്‍ത്ഥ് പോകാതിരിക്കാനായി വേദിക പല അടവുകളും പയറ്റുന്നുണ്ട്. പക്ഷെ അതിനെയെല്ലാം ഒഴിവാക്കി സിദ്ധാര്‍ത്ഥും പിറന്നാളിനെത്തുന്നു. 

എല്ലാത്തിലും ഉപരിയായി സുമിത്രയുടെ പ്രിയ പുത്രനായ പ്രതീഷ് അമ്മയ്ക്കായി ഒരു പാട്ടും പാടുന്നുണ്ട്. രാപ്പകല്‍ എന്ന ചിത്രത്തിലെ അമ്മ മനസ്സ് എന്ന പാട്ടാണ് പ്രതീഷ് പാടുന്നത്. അങ്ങനെ പാട്ടും ആഘോഷവുമായുള്ള സുമിത്രയുടെ പിറന്നാള്‍ ആഘോഷം സ്‌ക്രീനിന് അകത്തും പുറത്തും ചര്‍ച്ചയാകുന്നുണ്ട്. പരമ്പരയുടെ ഫാന്‍ പേജുകള്‍ മിക്കതിലും പ്രതീഷിന്റെ പാട്ടും സുമിത്രയുടെ പിറന്നാളും തന്നെയാണ് പ്രധാന വൈറല്‍ വിഷയങ്ങള്‍.