ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച മിനിസ്‌ക്രീന്‍ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഭാഷാശൈലിയും അവതരണത്തിലെ വ്യത്യസ്തതയുമാണ് ലക്ഷ്മിയെ വേറിട്ടുനിര്‍ത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങളൊക്കെ അതിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയമുള്ള ഒരു സാന്നിധ്യത്തിനൊപ്പമുള്ള ചിത്രങ്ങളാണ് ലക്ഷ്മി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

മറ്റാരുമല്ല 'പാപ്പു' എന്ന് വിളിപ്പേരുള്ള നായക്കുട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. 'എന്‍റെ ജീവിതം മാറ്റിയ ആള്‍' എന്നാണ് ഒപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ആന്‍ അഗസ്റ്റിനടക്കമുള്ളവര്‍ ചിത്രങ്ങള്‍ക്ക് കമന്‍റുകളുമായി എത്തിയിട്ടുണ്ട്. നായക്കുട്ടിയെ മനോഹരമായി അണിയിച്ചൊരുക്കിയാണ് ലക്ഷ്മി ഫോട്ടോയില്‍ ഒപ്പം കൂട്ടിയിരിക്കുന്നത്.

സ്വന്തം വിശേഷങ്ങള്‍ വീഡിയോയിലൂടെ പങ്കുവയ്ക്കാനായി ലക്ഷ്മി അടുത്തിടെ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. അത്തരത്തില്‍ ഒരു വീഡിയോയില്‍ പ്രിയപ്പെട്ട നായക്കുട്ടിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. പാപ്പുവിന്‍റെ ഫോട്ടോഷൂട്ട് വേണമെന്ന് ആ വീഡിയോയ്ക്കു താഴെത്തന്നെ ആരാധകര്‍ കമന്‍റുമായി എത്തിയിരുന്നു.