നൃത്തവേദികളിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് പ്രീത പ്രദീപിന്‍റേത്. എന്നാല്‍ പ്രീത എന്നതിനേക്കാള്‍ 'മതികല' എന്ന് പറയുന്നതാവും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടന്ന് ഓര്‍ക്കാനുള്ള വഴി. 'മൂന്നുമണി' എന്ന പരമ്പരയിലെ 'മതികല' എന്ന കഥാപാത്രമാണ് പ്രീതയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്. കൂടാതെ ജനപ്രിയ പരമ്പരയായ പരസ്പരത്തിലും ശ്രദ്ധേയമായ വേഷം പ്രീത കൈകാര്യം ചെയ്തിട്ടുണ്ട്. 'ഉയരെ' അടക്കമുള്ള സിനിമകളിലും പ്രീത അഭിനയിച്ചിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു താരം വിവാഹിതയായത്. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രീത ഇപ്പോഴിതാ മനോഹരമായൊരു ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍.

വാഴത്തോട്ടത്തില്‍ രണ്ട് വാഴകള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രീത പങ്കുവച്ചിരിക്കുന്നത്. ഗൗരവഭാവത്തിലുള്ള ചിത്രങ്ങളാണെങ്കിലും വാഴത്തോട്ടത്തിന്‍റെ പശ്ചാത്തലമായതിനാല്‍ തമാശ നിറഞ്ഞ കമന്‍റുകളുമായാണ് ആരാധകര്‍ പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്. ഇന്നസെന്‍റ് അവതരിപ്പിച്ച 'മത്തായിച്ചന്‍റെ' ഡയലോഗ് അടക്കം കമന്‍റുകളില്‍ ഉണ്ട്. 'ആരാത്, ആരാന്നല്ലേ ചോദിച്ചത്? അത് വാഴയാണ് മത്തായിച്ചാ! വാഴയാണെങ്കിലെന്താ, വായ തുറന്ന് പറഞ്ഞുടെ', തുടങ്ങിയ പ്രശസ്ത ഡയലോഗുകളൊക്കെ കമന്‍റ് ബോക്സില്‍ എത്തുന്നുണ്ട്. രസകരമായ കമന്റുകള്‍ക്കെല്ലാം പ്രീത ഉടനടി മറുപടിയും കൊടുത്തിട്ടുണ്ട്.