കുടുംബവിളക്ക് വീണ്ടും അവിഹിതത്തിന്റെ പാതയിലേക്കാണോ എന്ന തരത്തിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. .

സാധാരണക്കാരിയായ വീട്ടമ്മയ്ക്ക് നേരിടേണ്ടിവന്ന അസാധാരണമായ വെല്ലുവിളികളാണ് കുടുംബവിളക്ക് പരമ്പര പറയുന്നത്. സുമിത്ര എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് പരമ്പര മുന്നോട്ട് നീങ്ങുന്നതെങ്കിലും, മറ്റ് താരങ്ങള്‍ക്കും പരമ്പരയില്‍ തുല്യ പ്രാധാന്യം തന്നെയാണുള്ളത്. സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ്, വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതും, പ്രതിസന്ധിയിലായ സുമിത്ര ജീവിതത്തെ തന്റേതായ രീതിയില്‍ കെട്ടിപ്പടുക്കുന്നതുമാണ് ഇതുവരേയും പരമ്പരയില്‍ കണ്ടത്. അവിഹിതമാണ് പരമ്പരയിലെ മുഖ്യ ഘടകമെന്നായിരുന്നു പ്രേക്ഷകര്‍ കുടുംബവിളക്കിനെപ്പറ്റി പറഞ്ഞിരുന്നത്. എന്നാല്‍ അതിനുശേഷം മനോഹരമായ തരത്തിലാണ് പരമ്പര മുന്നോട്ട് പോയിരുന്നത്.

എന്നാല്‍ കുടുംബവിളക്ക് വീണ്ടും അവിഹിതത്തിന്റെ പാതയിലേക്കാണോ എന്ന തരത്തിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സുമിത്രയുടെ മകനായ ഡോക്ടര്‍ അനിരുദ്ധ്, തന്റെ സീനിയര്‍ ഡോക്ടറായ ഇന്ദ്രജയോടൊപ്പം അമിതമായി അടുക്കുന്നതും, അതിന്റെ ബാക്കിയായുള്ള ചേഷ്ടകളുമായിരുന്നു പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. എന്നാല്‍ പ്രേക്ഷകരുടെ ധാരണയെല്ലാം മാറ്റിക്കൊണ്ട് മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ് കുടുംബവിളക്ക്.

തനിക്കൊരു ഭാര്യയും കുടുംബവും ഉണ്ടെന്നും, തന്നോട് ഇനി മോശമായി പെരുമാറരുത് എന്നുമാണ് അനിരുദ്ധ്, ഇന്ദ്രജയോട് പറയുന്നത്. കൂടാതെ ഇങ്ങനെ പെരുമാറിയാലേ, ഈ ആശുപത്രിയില്‍ മുന്നോട്ട്‌പോകാന്‍ പറ്റുകയുള്ളു എന്നാണെങ്കില്‍, ജോലി താന്‍ വേണ്ടെന്ന് വയ്ക്കുമെന്നും അനിരുദ്ധ് പറയുന്നുണ്ട്. എന്നാല്‍ മുന്നെയെടുത്ത ചില ഫോട്ടോകള്‍ കാണിച്ച് അനിരുദ്ധിനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ദ്രജ. എന്താണ് ഇന്ദ്രജയുടെ ലക്ഷ്യമെന്ന് ഇതുവരേയും ആര്‍ക്കും മനസ്സിലായിട്ടില്ല. വരും ദിവസങ്ങളില്‍ അതിനൊരു ഉത്തരവും പ്രതീക്ഷിക്കാം.

യൂട്യൂബില്‍ പങ്കുവച്ച പ്രൊമോയുടെ താഴെ നിരവധി ആരാധകരാണ് അനിരുദ്ധിന്റെ മറുപടി മനോഹരമായെന്ന് കമന്റ് ഇട്ടിരിക്കുന്നത്. കൂടാതെ സുമിത്രയോട് ദ്രോഹം ചെയ്ത അനിരുദ്ധിനെ ഇന്ദ്രജ ഇനി വട്ടം കറക്കുന്നത് കാത്തിരിക്കുന്നുവെന്നും ചിലര്‍ കമന്റിടുന്നുണ്ട്. പരമ്പര വലിയൊരു യൂടേണ്‍ അടിച്ചത് സോഷ്യല്‍മീഡിയയിലെ ആളുകളുടെ അവിഹിതത്തോടുള്ള പ്രതികരണം കണ്ടിട്ടാണോ എന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona