മലയാളികളുടെ പ്രിയ പരമ്പരയായ സാന്ത്വനം ആകാംക്ഷയൂറുന്ന നിമിഷങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. 

ലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഒഴിച്ചുകൂടാനാകാത്ത പരമ്പരയാണ് സാന്ത്വനം(Santhwanam). കൂട്ടുകുടുംബത്തിന്റെ കഥ പറഞ്ഞ് കുടുംബങ്ങളിലേക്കെത്തിയ പരമ്പര(serial) മികച്ച റേറ്റിംഗുമായി എപ്പോഴും മുന്നില്‍ തന്നെയാണ്. മനോഹരമായ കഥാമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന പരമ്പര നിലവില്‍ അത്യന്തം ആവേശജനകമായ എപ്പിസോഡുകളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ശിവാഞ്ജലിയെ മാത്രം ഫോക്കസ് ചെയ്താണോ പരമ്പര മുന്നോട്ട് പോകുന്നതെന്ന് പലരുടേയും സംശയമായിരുന്നു. എന്നാല്‍ പരമ്പരയിലെ എല്ലാ താരങ്ങള്‍ക്കും ഒരേ പങ്കാളിത്തം തന്നെയാണ് പരമ്പരയിലുള്ളതെന്നാണ് നിലവിലെ എപ്പിസോഡുകള്‍ പറയുന്നത്.

സാന്ത്വനം വീട്ടിലെ ഹരിയും ഭാര്യ അപര്‍ണയുമാണ് ഇപ്പോള്‍ പരമ്പരയിലെ കേന്ദ്രബിന്ദുക്കള്‍. നാട്ടുപ്രമാണിയായ തമ്പിയുടെ മകളാണ് അപ്പു എന്ന് വിളിക്കുന്ന അപര്‍ണ. താരതമ്യേന പണവും പ്രതാപവും കുറഞ്ഞ സാന്ത്വനം വീട്ടിലെ ഹരികൃഷ്ണനെ വിവാഹം കഴിക്കുന്നതോടെ വീട്ടുകാര്‍ അപര്‍ണയുമായുള്ള ബന്ധം ഏകദേശം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതോടെ വീട്ടുകാരുമായുള്ള ബന്ധം അപര്‍ണ്ണ വീണ്ടും തുടങ്ങിയിരിക്കുകയാണ്. ആദ്യമെല്ലാം സ്വന്തം മകളെ വീട്ടില്‍ കയറ്റാന്‍ തമ്പിയ്ക്ക് പ്രയാസമായിരുന്നെങ്കിലും പിന്നീട് ശിവന്റെ ഇടപെടലുകള്‍കൊണ്ട് സമ്മതിക്കുകയായിരുന്നു. പക്ഷെ തമ്പി മകളെ കാണാന്‍ വരുന്ന സമയങ്ങളിലൊന്നും ശിവന്‍ വീട്ടില്‍ ഉണ്ടാകരുത് എന്നായിരുന്നു തമ്പിയുടെ നിബന്ധന. അത് സാന്ത്വനം വീട്ടില്‍ വലിയ കോലഹലങ്ങളായിരുന്നു ഉണ്ടാക്കിയിരുന്നത്. എന്നാല്‍ അതിനെയെല്ലാം ശിവന്‍ പുഞ്ചിരിച്ചുകൊണ്ട് ഒഴിവാക്കുകയും, തമ്പി വീട്ടിലേക്ക് വരുന്ന സമയത്ത് വീട്ടില്‍നിന്നും മാറുകയുമായിരുന്നു,

മകളോടുള്ള പിണക്കമെല്ലാം മാറ്റിവയ്ക്കുന്ന തമ്പിയുടെ ക്ഷണപ്രകാരം ഹരിയും അപര്‍ണയും തമ്പിയുടെ വീട്ടില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ഹരിയെ ഇഷ്ടമില്ലാതിരുന്ന തമ്പി മകളുടെ ഇഷ്ടത്തിനൊത്ത് മുന്നോട്ട് പോകുന്നതാണ് ഇപ്പോള്‍ പരമ്പരയില്‍ കാണുന്നത്. അപര്‍ണ ശര്‍ദ്ദിക്കുമ്പോള്‍ ഡോക്ടറെ വീട്ടിലേക്ക് വിളിക്കണോ, എന്താണ് ചെയ്യേണ്ടത് എന്നെല്ലാം ചോദിക്കുന്ന തമ്പി നല്ലൊരു അച്ഛനായി മാറിയിട്ടുണ്ട്. അതുപോലെതന്നെ ഹരിയോടുള്ള പിണക്കമെല്ലാം മാറ്റിവച്ച്, ഹരിക്ക് ചിക്കന്‍കറി കൊടുക്കാന്‍ തമ്പി പറയുന്നതും വരാനിരിക്കുന്ന എപ്പിസോഡിന്റെ ഭാഗമായുള്ള പ്രൊമോ വീഡിയോയില്‍ കാണാം. തമ്പി നല്ലൊരു അച്ഛനായി മാറിയെന്നത് പരമ്പര കാണുന്ന ആര്‍ക്കും വിശ്വസിക്കാന്‍ ആകുന്നതല്ല. അതുകൊണ്ടുതന്നെ എന്താണ് തമ്പിയുടെ മനസ്സിലുള്ള കള്ളക്കളികള്‍ എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. കൂടാതെ ഹരിയ്ക്ക് തമ്പി പുത്തന്‍ ബുള്ളറ്റ് വാങ്ങി വച്ചിട്ടുണ്ട് എന്നറിഞ്ഞ ആരാധകര്‍ വെറും ഹരിയെ ബുള്ളറ്റ് ഹരിയായി കാണാനുള്ള ആകാംക്ഷയിലുമാണ്.