Asianet News MalayalamAsianet News Malayalam

'മരണത്തില്‍നിന്നും മടങ്ങിയെത്തുന്ന ഇന്ദിര, മക്കള്‍ക്കുനേരെ തിരിയുമോ' : സസ്‌നേഹം റിവ്യു

ഇന്ദിരയെ വീട്ടില്‍നിന്നും ഒഴിവാക്കണം എന്ന ചിന്തയിലാണ് മരുമകള്‍ പ്രിയ പെരുമാറുന്നത്. എന്നാല്‍ അതിനായി പ്രിയ തിരഞ്ഞെടുക്കുന്ന വഴി പ്രേക്ഷകരെ ഒന്നാകെ സങ്കടത്തിലാക്കിയിരിക്കുകയാണ്.

malayalam popular serial sasneham episode review with story
Author
Kerala, First Published Jul 29, 2021, 8:24 AM IST
  • Facebook
  • Twitter
  • Whatsapp

വൈകാരികമായ മുഹൂര്‍ത്തങ്ങള്‍കൊണ്ട് മലയാളിയെ കുത്തിനോവിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സസ്‌നേഹം. പ്രായമായവരുടെ ജീവിതഗതികള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ആളുകള്‍ പരമ്പരയെ ഹൃദയത്തിലേറ്റാനുള്ള കാരണം. സ്‌കൂള്‍കാലത്ത് പരിചിതരായിരുന്ന ബാലചന്ദ്രനും ഇന്ദിരയും വീട് നിറയെയുള്ള കുടുംബാംഗങ്ങള്‍ക്കിടയിലും ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്നവരാണ്. സ്‌കൂള്‍ക്കാലത്ത് പരസ്പരമുണ്ടായിരുന്ന പ്രണയം, പറഞ്ഞറിയിക്കാനാകാതെ ഇരുവരും ജീവിതത്തിന്റെ ഇരുവശത്തേക്കായി പിരിഞ്ഞുപോകുകയായിരുന്നു.

എന്നാല്‍ കാലത്തിന്റെ വികൃതികള്‍ ഇരുവരേയും വീണ്ടും കണ്ടുമുട്ടിക്കുകയാണ്. അതും തുല്യ ദുഃഖിതരായവരായ രണ്ട് വാര്‍ദ്ധക്യങ്ങള്‍ എന്നവണ്ണം. പ്രായമാകുമ്പോള്‍ തന്നെ നോക്കാന്‍ മക്കളുണ്ട് എന്ന വിശ്വാസത്തില്‍ എല്ലാം മകളുടെ പേരില്‍ എഴുതിവച്ച് വഞ്ചിതയായ അമ്മയാണ് ഇന്ദിര. അമ്മയുടെ പക്കല്‍നിന്നും സ്വത്തുവകകള്‍ തട്ടിയെടുത്ത് അമ്മയെ ഉപേക്ഷിച്ച് മകള്‍ വിദേശത്തേക്ക് പോവുകയാണുണ്ടായത്. എന്നാല്‍ കോടതിവിധി പ്രകാരം ഇന്ദിരയെ മനസ്സില്ലാതെ മകന്‍ ഏറ്റെടുക്കേണ്ടി വരുന്നു. മരുമകളുടെ കൂരകൃത്യങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്ന മകനും പരമ്പരയെ തീവ്രമായൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. മകള്‍ക്ക് സ്വത്തുക്കള്‍ എഴുതി കൊടുത്തതിന് കേള്‍ക്കേണ്ടി വരുന്ന പഴിയും, ഭാര്യയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന മകനും പ്രായമായ ഇന്ദിരയെ ഒറ്റപ്പെടുത്തുന്നുണ്ട്.

ജീവിതകാലം മുഴുവനായി കൂട്ടിവച്ച സമ്പാദ്യംകൊണ്ടാണ് ബാലചന്ദ്രന്‍ മകള്‍ മീരയെ വക്കീലായ രഘുവിനൊപ്പം വിവാഹം കഴിപ്പിച്ചയക്കുന്നത്. എന്നാല്‍ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ രഘു നിരന്തരമായി ബാലചന്ദ്രനെ അവഹേളിക്കുന്നുണ്ട്. കുത്തുവാക്കുകള്‍കൊണ്ട് രഘു ഉപദ്രവിക്കുമ്പോളും മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ബാലചന്ദ്രന്‍ ആ വീട്ടില്‍ തുടരുകയാണ്.

ഇന്ദിരയെ വീട്ടില്‍നിന്നും ഒഴിവാക്കണം എന്ന ചിന്തയിലാണ് മരുമകള്‍ പ്രിയ പെരുമാറുന്നത്. എന്നാല്‍ അതിനായി പ്രിയ തിരഞ്ഞെടുക്കുന്ന വഴി പരമ്പരയുടെ പ്രേക്ഷകരെ ഒന്നാകെ സങ്കടത്തിലാക്കിയിരിക്കുകയാണ്. പിറന്നാളിന് കേക്ക് മുറിച്ച്, സ്‌നേഹം നടിച്ച് ഇന്ദിരയെ അമ്പലത്തിലേക്ക് കൂട്ടികൊണ്ടുപോയ പ്രിയ, അവിടെവച്ച് ഇന്ദിരയെ പുഴയിലേക്ക് തള്ളിയിടുകയാണ് ചെയ്തത്. പരമ്പരയുടെ ആരാധകരുടെ കഴിഞ്ഞദിവസത്തെ പ്രാര്‍ത്ഥന മുഴുവന്‍ ഇന്ദിരയ്ക്ക് വേണ്ടിയായിരുന്നു. തിരികെ വീട്ടിലെത്തി ഇന്ദിരയുടെ മകനോട് അമ്മ ഇനി മടങ്ങിവരില്ലെന്ന് ഭാര്യ പ്രിയ പറയുന്നുണ്ടെങ്കിലും. ആദ്യം സങ്കടംനടിക്കുന്ന മകനും ഭാര്യയ്‌ക്കൊപ്പം ചേരുകയാണുണ്ടായത്.

എന്നാല്‍ ആരും പേടിച്ചതുപോലെ സംഭവിക്കാതെ ഇന്ദിര അപകടത്തില്‍നിന്നും രക്ഷപ്പെടുന്നുണ്ട്. അമ്മയുടെ ഉപദ്രവം ഇനിയില്ല എന്ന ആശ്വാസത്തില്‍ പ്രിയ മുന്നോട്ടുള്ള കരുക്കള്‍ നീക്കുമ്പേള്‍, മറ്റൊരിടത്ത് പുതിയൊരു നായകന്‍ പ്രത്യക്ഷപ്പെടുകയാണ്. അഡ്വക്കേറ്റ് ശങ്കരനാരായണന്‍ എന്ന നായകന്‍ മടിയനായൊരു വക്കീലിന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്നയാളാണ്. അപ്രതീക്ഷിതമായി പുഴയില്‍ മുങ്ങിത്താഴുന്ന ഇന്ദിരയെ നായകന്‍ കാണുകയും പരിചയമുള്ള ആശുപത്രിയില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. ഇന്ദിരയെ ആരോ വെള്ളത്തിലേക്ക് തള്ളിയിടുന്നത് താന്‍ കണ്ടെന്നും, അതൊരു സ്ത്രീയാണെന്നും അതുകൊണ്ടുതന്നെ വിവരം പൊലീസില്‍ അറിയിച്ചാല്‍ അത് വീണ്ടും ആപത്തിലേക്ക് നയിക്കുമെന്നും ശങ്കരനാരായണന്‍ അനുമാനിക്കുന്നുണ്ട്.

ആശുപത്രിയില്‍ ബോധരഹിതയായാണ് ഇന്ദിര കിടക്കുന്നത്. എന്നാല്‍ ബോധം തിരിച്ചുകിട്ടുമ്പോള്‍ ഇന്ദിരയുടെ സ്വബോധം നഷ്ടമാകുമോയെന്നാണ് പ്രേക്ഷകര്‍ ചിന്തിക്കുന്നത്. മരുമകളാണ് തള്ളിയിട്ടതെന്ന ഉത്തമബോധ്യമുള്ള ഇന്ദിര വിവരം പൊലീസിനോട് പറയുമോയെന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. ഏതായാലും മുന്നോട്ടുള്ള ഓരോ എപ്പിസോഡും നിര്‍ണ്ണായകമാണെന്നതില്‍ സംശയമില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios