സീരിയല്‍ താരം റോണ്‍സണ്‍ വിന്‍സെന്‍റെ വിവാഹം സോഷ്യല്‍മീഡിയ ആഘോഷിച്ചതാണ്. ഒരുകാലത്ത് മലയാളത്തില്‍ ബാലതാരമായി തിളങ്ങിയ നീരജയായിരുന്നു വധു. മുമ്പേ പറക്കുന്ന പക്ഷികള്‍, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു താരങ്ങളുടെ വിവാഹത്തില്‍ പങ്കെടുത്തത്.

സംവിധായകന്‍ വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍. സീത, അരയന്നങ്ങളുടെ വീട്, ഭാര്യ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ മലയാളികളുടെ പ്രിയതാരമാണ് റോണ്‍സണ്‍. നിരവധി തെലുങ്ക് പരമ്പരകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ വിവാഹഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പരമ്പരകളിലെ വില്ലനിപ്പോള്‍ റൊമാന്‍സിലാണെന്നാണ് അന്ന പലരും റോണ്‍സനെ കളിയാക്കിയത്. പുതിയ ഒരു അഭിമുഖത്തിലാണ് ലോക്ഡൗണിനെക്കുറിച്ചും, ലോക്ഡൗണ്‍ വീടുപണി പകുതിയില്‍ നിര്‍ത്തിച്ചതിനെക്കുറിച്ചും റോണ്‍സണ്‍ പറയുന്നത്, ജിമ്മാണ് ഏറ്റവുമധികം മിസ്സ് ചെയ്യുന്നതെന്നും താരം വാചാലനായത്.

ഫിറ്റ്‌നെസിന്‍റെ കാര്യത്തില്‍ അത്യധികം ശ്രദ്ധാലുവായ റോണ്‍സണ്‍ ജിം അടച്ചതാണ് ഏറ്റവും വലിയ സങ്കടമെന്നാണ് പറയുന്നത്. വീട്ടില്‍ ചെറിയ രീതിയിലൊക്കെ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു. ചോറ്റാനിക്കരയ്ക്കടുത്ത് സ്ഥലംവാങ്ങി വീടുപണി നടക്കുമ്പോഴാണ് ലോക്ഡൗണ്‍ പണിതരുന്നത്. ഈ മാസം കയറിതാമസിക്കാന്‍ കരുതിയതായിരുന്നു.

പണിക്കാരെല്ലാം ലോക്ഡൗണിലായി. പണ്ടുമുതല്‍ക്കെ അച്ഛന് വീട് പണിത് വില്‍ക്കലായിരുന്നു പണി. പണിതവീട്ടില്‍ ഞങ്ങള്‍ കുറച്ചുകാലം താമസിക്കും, എന്നിട്ടാണ് വില്‍ക്കുക. എല്ലാം തീം ബേസ്ഡ് വീടുകളായിരിക്കും. ഇപ്പോള്‍ പണിയുന്നത് വൈറ്റ് തീമിലാണ്. പെയിന്റുമുതല്‍ ഫര്‍ണിച്ചര്‍ വരെ വെള്ള. ലോക്ഡൗണ്‍കഴിഞ്ഞ് എത്രയുംവേഗം വീടുപണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് കരുതുന്നെന്നും റോണ്‍സണ്‍ പറയുന്നു.