പരസ്പരം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി അസര്‍. പൗര്‍ണമിതിങ്കളിലെ ആനി പൊറ്റക്കാടന്‍ എന്ന വില്ലത്തിയായാണ് ലക്ഷ്മി അസര്‍ ഇപ്പോള്‍ മിനിസ്‌ക്രീനിലെത്തുന്നത്. പാവം വേഷങ്ങളില്‍നിന്നും വില്ലത്തിയായി മാറിയത് സന്തോഷമുണ്ടാക്കുന്നുവെന്നും, എല്ലാത്തരം വേഷങ്ങളും നമുക്ക് ചെയ്യാന്‍ പറ്റുമെന്നുമാണ് താരം തന്റെ വില്ലത്തി വേഷങ്ങളെപ്പറ്റി പറയുന്നത്. കഴിഞ്ഞദിവസം താരത്തിന്റെ ആറാം വിവാഹവാര്‍ഷികമായിരുന്നു. ഒരുപാട് ആളുകളാണ് താരത്തിന് സന്തോഷമാര്‍ന്ന വിവാഹവാര്‍ഷിക ആശംസകളുമായെത്തിയിരിക്കുന്നത്.

ലക്ഷ്മിയുടെ പ്രണയവിവാഹ കഥ അടുത്തിടെയാണ് സോഷ്യല്‍മീഡിയ ആഘോഷമാക്കിയത്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയത്തെപ്പറ്റി ലക്ഷ്മിയും അസറും വാചാലരാകാറുണ്ട്. ആളുമാറി കത്തുകൊടുത്തതും, സ്‌കൂളിലെ വലിയ ഗുണ്ടയെത്തന്നെ പ്രണയിച്ചതും, അസറിനെ സ്‌കൂളില്‍നിന്നും പുറത്താക്കിയതും, കാലങ്ങള്‍ക്കുശേഷം ഫേസ്ബുക്കിലെ അസറിന്റെ ഫോട്ടോയ്ക്ക് കമന്റിട്ട് വീണ്ടും ഒന്നിച്ചതെല്ലാം ലക്ഷ്മി പറയുമ്പോള്‍ ഒരു സിനിമാകഥയെന്നപോലെ പ്രേക്ഷകരും ആഹ്ലാദത്തിലാകാറുണ്ട്.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ആറാംവര്‍ഷം ലക്ഷ്മി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. കൂടാതെ പ്രണയംമുതല്‍ മകളായ ദുവ ജനിക്കുന്നതുവരെയുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ആനന്ദത്തോടെയുള്ള ആറുവര്‍ഷങ്ങള്‍, ഇപ്പോഴും മനോഹരമായത്' എന്നാണ് ലക്ഷ്മി ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

ഷോട്ട്ഫിലിമുകളിലൂടെയാണ് ലക്ഷ്മി അസര്‍ അഭിനയരംഗത്തേക്കെത്തുന്നത്. ഏഷ്യാനെറ്റിലെ പരസ്പരം പരമ്പരയിലൂടെയാണ് താരം സീരിയല്‍ രംഗത്തേക്കെത്തുന്നത്. പരസ്പരം സിരിയല്‍പോലെ മലയാളികള്‍ ഹൃദിസ്ഥമാണ് അതിലെ താരങ്ങളും.പരസ്പരത്തിലെ സ്മൃതി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതോടെ മലയാളം സീരിയല്‍ രംഗത്ത് താരം തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം, ടിക് ടോക്കിലും നിറസാന്നിധ്യമാണ്.