തന്‍റെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സ്വീകരണമുറിയില്‍ താരമായി മാറിയ നടിയാണ് സംഗീത മോഹന്‍. ഒരു കാലത്ത് അഭിനയരംഗത്ത് സജീവമായിരുന്ന താരം ഇപ്പോള്‍ എഴുത്തിന്‍റെ പാതയില‍ാണ്. ആത്മസഖിയു വാസ്തവവും സീതാകല്യാണവുമടക്കം അഞ്ചിലധികം പരമ്പരകള്‍ക്കാണ് സംഗീത രചന നിര്‍വഹിച്ചത്.

സീരിയല്‍ ഷൂട്ടില്ല, അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. എല്ലാവരും വീട്ടിലിരുന്ന് ലോക്ക്ഡൗണിന്‍റെ ഭാഗമായി ജീവിതം തള്ളിനീക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് വാചാലയാവുകയാണ് സംഗിതയിപ്പോള്‍ ഫേസ്ബുക്കിലെ കുറിപ്പില്‍ ലോക്ക്ഡൗണിന്‍റെ അനിവാര്യതയെ കുറിച്ചും അതില്ലെങ്കിലുണ്ടാകുന്ന ആപത്തുകളെ കുറിച്ചും താരം വിശദീകരിക്കുന്നു.

കുറിപ്പിങ്ങനെ..

ലോക് ഡൗൺ നീട്ടാം എന്ന് പറയുന്നത് കേൾക്കാൻ നമുക്കിഷ്ടമല്ല, വേണ്ട.. എന്നാൽ ലോക് ഡൗൺ അല്ലാതെ നമുക്ക് അതിജീവിക്കാൻ ഒരു മാർഗവുമില്ല എന്നതാണ് സത്യം. നൂറ്റിമുപ്പത് കോടി ആളുകൾ അധിവസിക്കുന്ന, താരതമ്യേന ചെറിയ ഒരു ഭൂപ്രദേശത്താണ് നാം ഉള്ളത്. കേരളത്തിൽ ഇപ്പോഴത്തെ നിലയിൽ നമ്മുടെ ആരോഗ്യരക്ഷാ സംവിധാനത്തിന് സുഗമമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ട്. ഒരാൾക്ക് രോഗമുണ്ടെങ്കിൽ അപ്പോൾ 108 ആംബുലൻസ് വരും, വെൻറിലേറ്റർ സൗകര്യം ഉൾപ്പെടെ ഉള്ള ആശുപത്രിയിൽ കൊണ്ടുപോയി ചികത്സിക്കും, അസുഖം മാറ്റി വീട്ടിൽ കൊണ്ടു വന്നാക്കും. പരമാനന്ദം.

ഈ ഒരു സുരക്ഷിതത്വബോധം നമ്മളെ ചീത്തയാക്കുന്നുണ്ട്, നമ്മുടെ ശ്രദ്ധ കുറക്കുന്നുണ്ട്, നമ്മൾ അലക്ഷ്യമായി നടക്കുന്നുണ്ട്.പോലീസിനെ പേടി ഉള്ളതുകൊണ്ട് മാത്രം അൽപ്പസ്വൽപ്പം ശ്രദ്ധിക്കുന്നുണ്ട് എന്ന് മാത്രം.കേരളത്തിൽ എത്ര 108 ആംബുലൻസ് ഉണ്ടാവും? എത്ര ആശുപത്രികളിൽ വെന്‍റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാവും? ഒരു 500 പേർ ആണ് ഒരു ദിവസം കേരളത്തിലെ രോഗബാധിതർ എന്ന് കരുതുക. ആ ദിവസം നമ്മൾ ഒരു വിധം മാനേജ് ചെയ്തേക്കും. പിറ്റേ ദിവസം 1500 പേർക്കാണ് രോഗം എന്ന് കരുതുക. അപ്പോൾ ആംബുലൻസ് വിളിക്കുമ്പോൾ നിങ്ങൾ ക്യൂവിലായിരിക്കും. പിറ്റേ ദിവസം 2000 പേരാണ് രോഗബാധിതർ എങ്കിലോ?
നിങ്ങൾ കുറച്ചു ദിവസം ക്യൂവിൽ തന്നെ ആയിരിക്കും.

നിങ്ങളുടെ ടേൺ വരുമ്പോൾ നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ആശുപത്രിയിലെത്തിക്കപ്പെടും. മരുന്ന് കിട്ടുമായിരിക്കാം. വെൻ്റിലേറ്റർ വേണ്ടിവന്നാൽ അപ്പോഴും നിങ്ങൾ ക്യൂവിൽ ആകും. നിങ്ങൾക്ക് 60 വയസ്സുണ്ട് എന്ന് കരുതുക. നിങ്ങളുടെ വെൻ്റിലേറ്റർ ഊഴം വരുമ്പോഴായിരിക്കും 25 വയസുള്ള ഒരു ചെറുപ്പക്കാരൻ ശ്വാസം കിട്ടാതെ ആശുപത്രിയിൽ എത്തിക്കപ്പെടുന്നത്. അപ്പോൾ ഒരു തിരഞ്ഞെടുപ്പ് വേണ്ടി വരും. 60 വയസ്സുള്ള നിങ്ങളുടെ ജീവൻ രക്ഷിക്കണോ അതോ 25 വയസ്സായ ആളുടെ ജീവൻ രക്ഷിക്കണോ?സ്വാഭാവികമായും നിങ്ങളുടെ ക്യൂവിലെ സീനിയോറിറ്റി പോകും.

അപ്പോഴേക്കും ഒരു ദിവസം 5000 ആയിട്ടുണ്ടാകും രോഗികൾ. പിന്നെ ഫോൺ എടുത്താൽ എടുത്തു. എൻഗേജ്ഡ് ആയിരിക്കും മിക്കപ്പോഴും. അവസാനം കിട്ടുമ്പോഴോ? നിങ്ങൾ ഒരു പത്തു ദിവസം വീട്ടിൽ തന്നെ കിടക്ക്, പാരസെറ്റാമോൾ കിട്ടുമെങ്കിൽ കഴിക്ക്, പുറത്തിറങ്ങല്ലേ എന്ന നിർദ്ദേശം കിട്ടും. അതിൻ്റെ പിറ്റേ ദിവസം 20,000 ആയിരിക്കും രോഗികൾ. പിന്നെ തിരഞ്ഞെടുത്ത രോഗികൾക്ക് മാത്രമാകും ചികിത്സ. നിങ്ങൾ പ്രയോറിട്ടി ഗ്രൂപ്പിൽ വരാൻ തന്നെ സാദ്ധ്യത കുറവാണ്.
ഇങ്ങനെയൊക്കെ സംഭവിക്കുമോ?

ഇങ്ങനെ തന്നെയാണ് എല്ലായിടത്തും സംഭവിച്ചിട്ടുള്ളത്..! നിങ്ങൾ മാത്രമല്ല എല്ലാവരും ബുദ്ധിമുട്ടിലാണ്. ഒതുങ്ങുക, ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ജീവൻ നിലനിർത്തുകയും രോഗബാധ വരാതെ പരമാവധി നോക്കുകയും ചെയ്യുക. തോറ്റു തുന്നം പാടിയ ഇടങ്ങളിൽ നിന്ന് ആളുകൾ വന്നു കൊണ്ടേയിരിക്കുന്നു. ഇത്രയും ദിവസം നിങ്ങൾ സൂക്ഷിച്ചു എങ്കിൽ വളരെ നല്ലത്. പക്ഷേ അതിൻ്റെ ഫലം ലഭിക്കണമെങ്കിൽ ഇനിയും സൂക്ഷിക്കണം. പലതും ചോദിക്കാനുണ്ടാവും.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാവില്ല. വേറേ മാർഗ്ഗമില്ല.....

Be safe..... Be consious....
നമുക്കൊന്നിച്ച് ഈ മഹാമാരിയെ തുരത്താം.
#SMS_മറക്കല്ലേ
S സോപ്പ്/ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകൽ,
M മാസ്ക് ഉപയോഗം,
S സോഷ്യൽ ഡിസ്റ്റൻസിംഗ് (സാമൂഹിക അകലം) പാലിക്കുക.