കുങ്കുമപ്പൂവ് എന്ന സീരിയലില്‍ വില്ലത്തിയായി എത്തി മലയാളിക്ക് സുപരിചിതയായ താരത്തിന്‍റെ കുട്ടിക്കാല ചിത്രമാണിപ്പോൾ വൈറലായിരിക്കുന്നത്.

സ്‌ക്രീനിലെത്താറുള്ള താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കണ്ടെത്തുന്നതും പങ്കുവയ്ക്കുന്നതും ആരാധകരുടെ സന്തോഷമാണ്. അതുപോലെ തന്നെയാണ് താരങ്ങള്‍ പങ്കുവയ്ക്കുന്ന കുട്ടിക്കാല ചിത്രങ്ങളെ ആരാധകര്‍ കമന്റുകളിലൂടെ വൈറലാക്കാറുള്ളതും. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സ്‌ക്രീനില്‍ എത്തിയിട്ട് നാളുകള്‍ ഒരുപാട് ആയെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മറക്കാത്ത താരമാണ് അശ്വതി(Aswathy). അല്‍ഫോന്‍സാമ്മ എന്ന പരമ്പരയിലൂടെയും, കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രതിനായികയായ അമല എന്ന വേഷവും മലയാളിക്ക് എക്കാലവും ഓര്‍മ്മയുള്ള കഥാപാത്രങ്ങളാണ്. താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്.

വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടു നില്‍ക്കുന്ന അശ്വതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നീണ്ട നാളുകള്‍ക്കുശേഷം മിഥുന്‍ രമേശിനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയ സന്തോഷവും അശ്വതി പങ്കുവച്ചിരുന്നു. കുട്ടിക്കാല ചിത്രങ്ങള്‍ നോക്കി ചിരിക്കുന്നതാണ് സന്തോഷമെന്ന് പറഞ്ഞുകൊണ്ടാണ് അശ്വതി ചിത്രം പങ്കുവച്ചത്. കുട്ടിക്കാലത്തെ അതേ ഫേസ്‌ക്കട്ട് തന്നെയാണ് അശ്വതിക്കെന്നാണ് ആരാധകര്‍ പറയുന്നത്. കൂടാതെ സ്‌ക്രീനില്‍ കണ്ടിട്ട് ഒരുപാട് കാലമായല്ലോയെന്നും, എപ്പോഴാണ് മടങ്ങി വരികയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.