സിനിമാ താരം ശ്വേതാ മേനോന്‍, കുടുംബവിളക്ക് കഥാപാത്രങ്ങളായ പ്രതീഷ്, സഞ്ജന, പാടാത്ത പൈങ്കിളി കണ്മണി, തൂവല്‍സ്പര്‍ശത്തിലെ മാളു, ശ്രേയ നന്ദിനി തുടങ്ങിയവരെല്ലാം കിരൺ കല്ല്യാണി വിവാഹ റിസപ്ഷനായി എത്തിയിരുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം (ങീൗിമൃമഴമാ). കിരണ്‍ കല്ല്യാണി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ കല്ല്യാണിയും കിരണും എപ്പോള്‍ വിവാഹം കഴിക്കും എന്നതായിരുന്നു, കാലങ്ങളായി, അല്ലെങ്കില്‍ മാസങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന സംഭവം. അതിനൊപ്പംതന്നെ പെണ്‍കുട്ടികളോട് മതിപ്പില്ലാത്ത ഒരുകൂട്ടം ആളുകളേയും, അംഗവൈകല്യമുള്ളവരെ മാറ്റി നിര്‍ത്തുന്ന ആളുകളേയും പരമ്പര അഭിസംബോധന ചെയ്യുന്നുണ്ട്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഒരു ഊമയായ വ്യക്തിത്വമാണ്. അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് വലിയൊരു വീട്ടിലെ പയ്യനായ കിരണും. കാലങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കിരണ്‍ കല്ല്യാണി വിവാഹം ആഡംബരമായി നടന്നിരിക്കുകയാണ്.

സിനിമാ താരം ശ്വേതാ മേനോന്‍, കുടുംബവിളക്ക് കഥാപാത്രങ്ങളായ പ്രതീഷ്, സഞ്ജന, പാടാത്ത പൈങ്കിളി കണ്മണി, തൂവല്‍സ്പര്‍ശത്തിലെ മാളു, ശ്രേയ നന്ദിനി തുടങ്ങിയവരെല്ലാം വിവാഹ റിസപ്ഷനായി എത്തിയിരുന്നു. കിരണിന്റെ അമ്മയ്ക്ക് അംഗവൈകല്യമുള്ള ആളുകളെ അംഗീകരിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് ഇരുവരുടേയും വിവാഹം ഇത്രയും താമസിച്ചതും, ഇനിയുള്ള എപ്പിസോഡുകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. വലിയ ആഘോഷങ്ങളോടെയായിരുന്നു ഇരുവരുടേയും കല്ല്യാണം നടന്നത്. താരാഘോഷങ്ങളോടെ നടന്ന കല്ല്യാണം സോഷ്യല്‍മീഡിയയും ആരാധകരും ഒരുപോലെയാണ് സ്വീകരിച്ചത്. കല്ല്യാണ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

കല്ല്യാണത്തിന് ഞങ്ങളും എത്തുന്നു എന്നുപറഞ്ഞ് മറ്റ് സീരിയല്‍ താരങ്ങള്‍ വീഡിയോ ചെയ്തത് മുതല്‍ക്കേ മൗനരാഗത്തിലെ കല്ല്യാണം കളറാകും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ആരാധകര്‍. വിചാരിച്ചതുപോലെ സംഗതി കളറായ സന്തോഷവും ആരാധകരുടെ ഭാഗത്തുനിന്നും കാണാം. കല്ല്യാണി കിരണിന്റെ വീട്ടിലേക്കെത്തുമ്പോള്‍ കിരണിന്റെ അമ്മയുടെ പ്രതികരണം എന്താകുമെന്നുമെല്ലാമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

കിരണായി പരമ്പരയിലെത്തുന്നത് നലീഫാണ്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ നലീഫിന്റെ ആദ്യ പരമ്പരയാണ് മൗനരാഗം. നായികയായ കല്ല്യാണിയായി പരമ്പരയിലെത്തുന്നത് തമിഴ് പരമ്പരകളിലൂടെ അഭിനയത്തിലേക്കെത്തിയ ഐശ്വര്യ റാംസായിയാണ്. പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പര്‍ ഹിറ്റ് സീരിയലുകളില്‍ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചത്.