ലച്ചു വന്നിരിക്കുന്നത് സാന്ത്വനത്തെ തമ്മിലടിപ്പിക്കാനാണ് എന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ടെങ്കിലും, വീട്ടിലെ ആരുമത് പുറത്ത് കാണിക്കുന്നില്ല. 

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത പരമ്പരയാണ് 'സാന്ത്വനം' (Santhwanam)). ഒരു കൂട്ടുകുടുംബത്തിലെ ഹൃദയഹാരിയായ ബന്ധങ്ങള്‍ അതിന്റെ തീവ്രതയോടെ 'സാന്ത്വനം' സ്‌ക്രീനിലേക്ക് എത്തിക്കുന്നുണ്ട്. സാന്ത്വനം വീട്ടിലെ ജ്യേഷ്ടാനുജന്മാരുടേയും അവരുടെ കുടുംബകഥയുമെല്ലാമാണ് പരമ്പര പറയുന്നത്. വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്‌ക്രീനിലേക്ക് മനോഹരമായി പറിച്ചുനടാന്‍ പരമ്പരയ്ക്ക് കഴിയുന്നുണ്ട്. അതോടൊപ്പം തന്നെ ശിവന്‍ അഞ്ജലി എന്നീ ജോഡികളെ, ശിവാഞ്ജലി (Sivanjali) എന്ന പേരില്‍ മലയാളികള്‍ക്ക് സമ്മാനിക്കുകയും ചെയ്തു. ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയിലും മറ്റും ശിവാഞ്ജലി നിരവധി ആരാധകരെ സ്വന്തമാക്കിക്കഴിഞ്ഞു.

ശിവാഞ്ജലിയുടെ ഇണക്കങ്ങളും പിണക്കങ്ങളും മനോഹരമായ ഒരു പ്രണയകാവ്യമെന്ന തരത്തിലാണ് പരമ്പരയിലുള്ളത്. വിവാഹം കഴിഞ്ഞ് ആദ്യമെല്ലാം ഇരുവരും ഒരുപാട് അഡ്ജസ്റ്റ് ചെയ്തെങ്കിലും പിന്നീടത് മനോഹരമായ ബന്ധമായി മാറുകയായിരുന്നു. എന്നാല്‍ ശിവന്റെ ഏട്ടനായ ഹരി വിവാഹം കഴിച്ചിരിക്കുന്നത് നാട്ടിലെതന്നെ വലിയ പ്രമാണിയായ തമ്പിയുടെ മകള്‍ അപര്‍ണയെയായിരുന്നു. പ്രണയവിവാഹമായതിനാല്‍, ഹരിയേയും അപര്‍ണയേയും തമ്പി വീട്ടില്‍ നിന്നും അകറ്റുകയായിരുന്നു. എന്നാല്‍ അപര്‍ണ ഗര്‍ഭിണിയായതോടെ ഇരുവരേയും തന്റെ അടുക്കലേക്ക് അടുപ്പിക്കാനാണ് തമ്പി ശ്രമിക്കുന്നത്. അതിനായി വളരെ മോശമായ കളികളെല്ലാം തമ്പി നടത്തുന്നുണ്ട്. സാന്ത്വനം വീടിനെ അപകീര്‍ത്തി പെടുത്താനായി തമ്പി ശ്രമിക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായി നടന്നുതാനും. എന്നാല്‍ സാന്ത്വനം വീടിന്റെ ഐക്യത്തെ തകര്‍ക്കാന്‍ കഴിയാത്ത തമ്പി, മകളെ നോക്കാന്‍ എന്ന തരത്തില്‍ തന്റെ സഹോദരിയെ സാന്ത്വനം വീട്ടിലേക്ക് അയക്കുന്നുണ്ട്. രാജലക്ഷ്മി എന്ന് പേരുള്ള അവരെ ലച്ചു എന്നാണ് ചുരുക്കപേരില്‍ വിളിക്കുന്നത്. അപര്‍ണയുടെ അപ്പച്ചിയായ ലച്ചു, സാന്ത്വനം വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാനും, അപര്‍ണയെ സാന്ത്വനം വീടുമായി തെറ്റിക്കാനുമാണ് ശ്രമിക്കുന്നത്.

ലച്ചു വന്നിരിക്കുന്നത് സാന്ത്വനത്തെ തമ്മിലടിപ്പിക്കാനാണ് എന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ടെങ്കിലും, വീട്ടിലെ ആരും അത് പുറത്ത് കാണിക്കുന്നില്ല. അപര്‍ണയുടെ അപ്പച്ചിയാണല്ലോ എന്ന ഔദാര്യം സാന്ത്വനം വീട്ടുകാര്‍ കാണിക്കുമ്പോള്‍, അത് ലച്ചു മുതലെടുക്കുന്നുമുണ്ട്. സാന്ത്വനം വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അതാത് സമയത്ത് തമ്പിയെ അറിയിക്കാന്‍ ലച്ചു ശ്രമിക്കുന്നുണ്ട്. അപര്‍ണയുടെ അമ്മയായ അംബിക തമ്പിയുടേയും സഹോദരിയുടേയും കാണിക്കലുകള്‍ക്ക് എതിരാണ്. പക്ഷെ വീട്ടില്‍ ശബ്ദമുയര്‍ത്താനുള്ള അധികാരം ഇല്ലാത്തതിനാല്‍ അംബിക എല്ലാം കണ്ടും കേട്ടും മിണ്ടാതിരിക്കുകയാണ്. പക്ഷെ പുതിയ എപ്പിസോഡില്‍ ലച്ചുവിന്റെ കളികള്‍ ശരിക്ക് മനസ്സിലാക്കണം എന്ന് മകളോട് പറയാനുള്ള ധൈര്യം അംബിക കാണിക്കുന്നുണ്ട്. കൂടാതെ ആര് എന്തെല്ലാം പറഞ്ഞാളും നമ്മള്‍ വിവേചന ബുദ്ധിയോടെ വേണം കാര്യങ്ങള്‍ സ്വീകരിക്കാനെന്നും, ഇത് നമ്മുടെ ജീവിതമാണെന്നും അംബിക ഉപദേശിക്കുന്നുണ്ട്. തമ്പിയുടെ വീട്ടിലെത്തുന്ന ലച്ചു അംബികയോട് സാന്ത്വനം വീടിനെക്കുറിച്ചുള്ള ശരിയല്ലാത്ത വാര്‍ത്തകള്‍ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.

ലച്ചു പുറത്തേക്ക് പോയ സമയത്ത് സാന്ത്വനം വീട്ടില്‍ അഞ്ജുവും, അപര്‍ണയും ദേവിയുമെല്ലാമിരുന്ന് സംസാരിക്കുന്നത് പുതിയ എപ്പിസോഡില്‍ കാണാം. ശിവനെപ്പറ്റി വേണ്ടാത്തതെല്ലാം പറഞ്ഞുണ്ടാക്കുന്നത് അപ്പച്ചിയായ ജയന്തിയാണെന്നും, അതുകൊണ്ടാണ് അഞ്ജുവിന്റെ വീട്ടുകാര്‍ക്ക് ശിവനോട് ഇത്ര ദേഷ്യമെന്നുമാണ് അപര്‍ണ പറയുന്നത്. അതുകൊണ്ടുതന്നെ ജയന്തി അപ്പച്ചിയെ സൂക്ഷിക്കണമെന്നാണ് അപ്പു വാദിക്കുന്നത്. എന്നാല്‍ അതേസമയം അതേ നാണയത്തിലാണ് അഞ്ജു അപ്പുവിനിട്ട് തട്ടുന്നതും. ഏറെക്കുറെ എല്ലാ അപ്പച്ചിമാരും ഒരുപോലെതന്നെ പ്രശ്‌നക്കാരാണെന്നും, അവര്‍ പറയുന്നത് കേട്ടാല്‍ പ്രശ്‌നമാണെന്നും, അവരാണ് കുത്തിത്തിരുപ്പിന്റെ അടിസ്ഥാനമെന്നുമാണ് അഞ്ജു പറഞ്ഞത്. അഞ്ജു പറഞ്ഞത് തനിക്കിട്ടാണെന്ന് മനസ്സിലായ അപ്പു ചെറുതായൊന്ന് ഞെട്ടുന്നതും, അഞ്ജുവിന്റെ സംസാരം കേട്ട് ദേവി അന്തം വിടുന്നതുമെല്ലാം പരമ്പരയില്‍ രസകരമായി കാണിക്കുന്നുണ്ട്.

തമിഴ് പരമ്പരയായ 'പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ' റീമേക്കാണ് 'സാന്ത്വനം'. ഒരു പലചരക്ക് കട നടത്തുന്ന ജേഷ്ഠാനുജന്മാരുടെ കഥയാണ് പരമ്പര പറയുന്നത്. വീട്ടിലെ ജേഷ്ഠനായ 'ബാലചന്ദ്രനും' ഭാര്യയും കുട്ടികള്‍ വേണ്ടെന്നുവച്ച് അനിയന്മാരെ സ്വന്തം മക്കളായി വളര്‍ത്തുകയാണ്. അവരുടെ മനോഹരമായ ബന്ധങ്ങളും, കൂട്ടുകുടുംബത്തിലെ സന്തോഷമായ നിമിഷങ്ങളും മറ്റുമാണ് പരമ്പര മനോഹരമായാണ് സ്‌ക്രീനിലേക്ക് പകര്‍ത്തുന്നത്. വ്യത്യസ്തമായ പേരുകളില്‍ ഇന്ത്യയിലെ ഏഴോളം ഭാഷകളില്‍ പരമ്പര മികച്ച റേറ്റിംഗോടെ മുന്നോട്ട് പോകുന്നുണ്ട്.