ജനപ്രിയ പരമ്പരയായ വാനമ്പാടി ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പാട്ടുകാരനായ മോഹന്‍കുമാറിന്റെ കുടുംബവും അയാളുടെ ജീവിതത്തിലെ വെല്ലുവിളികളിലൂടെയും മറ്റുമാണ് പരമ്പര പുരോഗമിക്കുന്നത്. അനുമോള്‍ തന്റെ പഴയകാല കാമുകിയില്‍ തനിക്കുണ്ടായ മകളാണെന്ന സത്യം മോഹന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ട് കുറച്ചായി. എന്നാല്‍ ആ സത്യം മോഹന്‍ ഇതുവരെയും പരസ്യമായി പറഞ്ഞിട്ടില്ല. അതിനിടെയാണ് മോഹന്‍ വാഹനാപകടത്തില്‍പ്പെടുന്നത്.

രംഗത്ത് താന്‍ ഇല്ലായെന്ന് വരുത്തിത്തീര്‍ത്തശേഷം മോഹനെ ഇല്ലാതാക്കുകയായിരുന്നു മേനോന്റെ ലക്ഷ്യം. അതിനായി മേനോന്‍ ഒരുക്കിയ അപകടത്തില്‍ ചന്ദ്രനും മോഹനും പെടുകയായിരുന്നു. മേനോന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യല്‍ കഴിഞ്ഞ് പോലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങവെയാണ് മേനോന്‍ പറഞ്ഞുറപ്പിച്ച ലോറി ഇരുവരും സഞ്ചരിച്ച കാറില് ഇടിക്കുന്നത്. മേനോനും പത്മിനിയുടെ അങ്കിളായ പോലീസുകാരനും കൂടെ അപടകം സാധാരണമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണെങ്കിലും മോഹനും ചന്ദ്രനും അപകടവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

അനുമോള്‍ മോഹനെ കാണാന്‍ വന്നപ്പോള്‍, മോഹന്‍ പറഞ്ഞ കാര്യങ്ങള്‍ അനുമോളെ ഞെട്ടിക്കുന്നുണ്ട്, അതുപോലെതന്നെ തന്റെ അച്ഛനെ കൊല്ലാന്‍ ശ്രമിച്ചത് മേനോനാണെന്നതും ഒരു പരിധി വരെ അനുവിന് ബോധ്യമായിട്ടുണ്ട്. ആ വിവരം പത്മിനിയെ അറിയിക്കുകയും, പത്മിനിയെ മേനോനും ജയനുമെതിരെ തിരിക്കാനുള്ള ശ്രമം അനു നടത്തുകയും ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പത്മിനിയുടെ അച്ഛനും അമ്മയും മോഹനെ എങ്ങനെയെങ്കിലും ഇല്ലാതാക്കി സ്വത്തുവകകള്‍ കൈക്കലാക്കാനുള്ള ശ്രമത്തില്‍ തന്നെയാണ്. അനുമോളും തംബുരുവും ചന്ദ്രനും ചേര്‍ന്ന് മോഹന്റെ ഫേക്ക് ഓപ്പറേഷന്‍ മുടക്കിയതാണ് എതിര്‍ച്ചേരിക്കേറ്റ കനത്ത പ്രഹരം. എന്നിരുന്നാലും അനുമോളെ വീട്ടില്‍നിന്നും പുറത്താക്കി രംഗം വരുതിയിലാക്കാനാണ് മേനോന്‍ ശ്രമിക്കുന്നത്.

സത്യങ്ങളെല്ലാം വീണ്ടും പത്മിനിയോട് പറയാന്‍ തുടങ്ങുകയാണ് അനുമോള്‍. ആ സത്യങ്ങളുടെ കൂട്ടത്തില്‍ താന്‍ മോഹന്റെ മകളാണെന്ന സത്യവും അനു പറയുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അച്ഛനെ രക്ഷിക്കാന്‍ ഏതറ്റംവരേയും പോകാന്‍ മടിയില്ലാത്ത മകളുടെ വരുംദിനങ്ങളറിയാന്‍ കാത്തിരിക്കുകതന്നെ വേണം.