ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള വില്ലന്‍ ആരാണെന്ന് സിനിമാപ്രേമികളോട് ചോദിച്ചാല്‍ ഒരു ഉത്തരമേ ഉണ്ടാകുകയുള്ളു. 'ജോക്കര്‍'. ബാറ്റ്മാന്‍ നായകനായി എത്തിയപ്പോഴും ആറ്റിറ്റ്യൂഡ്കൊണ്ട് ലോകം മുഴുവന്‍ കയ്യടിച്ച വില്ലനാണ് ജോക്കര്‍. 1940മുതല്‍ക്കെ ഡി.സി കോമിക്‌സിന്റെ കഥകളില്‍ പ്രധാന വില്ലനായി ജോക്കര്‍ ഉണ്ടായിരുന്നെങ്കിലും, ഹീത് ലെഡ്‍ജറാണ് ജോക്കറിനെ ലോകപ്രശസ്‍തമാക്കിയതെന്നുപറയാം.

ലോകത്തിലെ എല്ലാ സിനിമാപ്രേമികളുടേയും ഇഷ്‍ട കഥാപാത്രമായി എത്തിയിരിക്കുന്നത് ഉപ്പും മുളകിലൂടെയും ശ്രദ്ധ നേടിയ റിഷി കുമാറാണ്. ജോക്കറിനൊപ്പംതന്നെ മികച്ച വില്ലത്തിയായെത്തുന്ന ഹാര്‍ലി ക്യൂനായി റിഷിക്കൊപ്പമെത്തുന്നത് ഉപ്പും മുളകിലെതന്നെ ശിവാനിയാണ്. പരമ്പരയില്‍ മാത്രമല്ല പ്രാങ്ക് വീഡിയോകളിലും, ഡാന്‍സ് വീഡിയോകളിലും എല്ലായിപ്പോഴും റിഷിയും ശിവാനിയും ഒന്നിച്ചുതന്നെയാണ്. ഇരുവരും ഒന്നിച്ചുള്ള പുതിയ ജോക്കര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറവീഡിയോ റിഷി യൂട്യൂബിലും പങ്കുവച്ചിട്ടുണ്ട്.

'ഒന്നിച്ചുളളപ്പോള്‍ ഞങ്ങള്‍ മറ്റാരോ ആയിരിക്കും' എന്നുപറഞ്ഞാണ് റിഷി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോകള്‍ പെട്ടന്നുതന്നെ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. നിരവധി ആരാധകരുള്ള പരമ്പരയാണ് ഉപ്പും മുളകും. സ്വാഭാവികമായ അഭിനയമാണ് പരമ്പരയെ മികച്ചതാക്കിമാറ്റുന്നത്.