സ്‌നേഹം നടിച്ച് തമ്പി സാന്ത്വനത്തിലെത്തിയപ്പോള്‍ തന്നെ പലര്‍ക്കും അപകടം മണത്തതാണ്. അതേപ്പറ്റി ശിവനും അഞ്ജലിയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്കുതന്നെ പണി കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും സ്‌ക്രീനിലേക്ക് പകര്‍ത്തി മലയാളിയുടെ പ്രിയ സീരിയല്‍ എന്ന ലേബല്‍ സ്വന്തമാക്കിയ പരമ്പരയാണ് സാന്ത്വനം (Santhwanam). നാല് സഹോദരന്മാരുടേയും അവരുടെ കൂട്ടുകുടുംബത്തിന്റേയും കഥ പറയുന്ന പരമ്പര ഇത്രനാള്‍ മുന്നോട്ട് പോയിരുന്നത് ശിവാഞ്ജലിയുടെ (Sivanjali) പ്രണയത്തിലൂടേയും, വീട്ടിലെ ചെറിയ പ്രശ്‌നങ്ങളിലൂടേയുമാണെങ്കില്‍, പെട്ടന്നിതാ പരമ്പരയുടെ കഥാഗതി തന്നെ മാറിയിരിക്കുകയാണ്. കുടുംബസ്‌നേഹം എന്ന ലേബലില്‍ നിന്നും ത്രില്ലര്‍ മൂഡിലേക്കാണ് പരമ്പര മാറിയിരിക്കുന്നത്.

സാന്ത്വനം വീട്ടിലെ ശിവന്റെ ഭാര്യയായ അഞ്ജലി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അമ്മയ്ക്ക് വയ്യാത്തതുകാരണം, തന്റെ സ്വന്തം വീട്ടിലാണുള്ളത്. ഇടയ്ക്കിടെ ശിവനും വീട്ടിലേക്ക് വരാറുമുണ്ട്. സാന്ത്വനം വീടുമായി മുന്നേതന്നെ പ്രശ്‌നമുള്ളയാളാണ് സാന്ത്വനം വീട്ടിലെ ഹരി പ്രണയിച്ച് വിവാഹം കഴിഞ്ഞ അപര്‍ണയുടെ അച്ഛനായ തമ്പി. അഞ്ജലിയുടെ അച്ഛന്‍ ശങ്കരന് പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തമ്പിയും ശിവനും പലപ്പോഴായി ഉടക്കിയിരുന്നെങ്കിലും, ഇപ്പോള്‍ താനൊരു മാന്യനാണ് എന്ന തരത്തിലാണ് തമ്പിയുടെ പെരുമാറ്റം. തമ്പിയുടെ ശിങ്കിടിയായ ജഗന്നാഥന്‍ അഞ്ജലിയുടെ അച്ഛന് കൊടുത്ത പണം തിരികെ വാങ്ങാനായി എത്തിയ സമയത്ത് വീട്ടില്‍ ശിവന്‍ ഉണ്ടായിരുന്നെങ്കിലും, ശങ്കരന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

വീട്ടില്‍ ശങ്കരന്‍ ഇല്ലായെന്നും, നിങ്ങള്‍ പിന്നീട് വരൂ എന്നും ജഗന്നാഥനോട് ശിവന്‍ പറയുന്നുണ്ടെങ്കിലും അയാള്‍ അത് കേള്‍ക്കാതെ, വളരെ മോശമായി സംസാരിക്കുകയായിരുന്നു. വീട്ടിലെ സ്ത്രീകളെപ്പറ്റിയുള്ള മോശം പരാമര്‍ശം ജഗന്നാഥന്‍ പറഞ്ഞതോടെ, ശിവന്‍ ജഗന്നാഥനെ തല്ലുകയായിരുന്നു. തിരിച്ച് തല്ലാന്‍ നില്‍ക്കാതെ, ചെറിയൊരു വെല്ലുവിളിയുമായി ജഗന്നാഥന്‍ തിരികെ പോകുന്നു. എന്നാല്‍ സംഭവമറിഞ്ഞ തമ്പി, കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കാനുള്ള പദ്ധതിയാണ് മെനയുന്നത്. ജഗന്നാഥനോട് പൊലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ പറയുന്ന തമ്പി, സ്റ്റേഷനിലെ ഓഫീസറെ വിളിച്ച് കേസ് എടുക്കാനും, വേഗംതന്നെ എല്ലാവരേയും അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശിക്കുന്നുമുണ്ട് പുതിയ എപ്പിസോഡില്‍.

അതിന്‍പ്രകാരം അഞ്ജലിയേയും അമ്മ സാവിത്രയേയും വീട്ടില്‍നിന്നും പൊലീസ് പിടിച്ച് ജീപ്പില്‍ കയറ്റുന്നതും മറ്റും വരാനിരിക്കുന്ന എപ്പിസോഡിന്റെ ഭാഗമായി പ്രൊമോയില്‍ കാണിക്കുന്നുമുണ്ട്. തമ്പി ഈ കുടുംബ പരമ്പരയെ ത്രില്ലര്‍ പരമ്പരയാക്കുമോ എന്നതാണ് കാഴ്ച്ചക്കാര്‍ ചോദിക്കുന്ന ചോദ്യം. സംഗതി സീരിയലാണെങ്കിലും ഇത്ര സങ്കടപ്പെടുത്തുന്നതും, അലോസരപ്പെടുത്തുന്നതുമായ രംഗങ്ങള്‍ ദയവുചെയ്ത് ഉള്‍പ്പെടുത്തല്ലേയെന്നും ആരാധകര്‍ കമന്റായി പറയുന്നുണ്ട്. സ്‌നേഹം നടിച്ച് തമ്പി സാന്ത്വനത്തിലെത്തിയപ്പോള്‍ തന്നെ പലര്‍ക്കും അപകടം മണത്തതാണ്. അതേപ്പറ്റി ശിവനും അഞ്ജലിയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്കുതന്നെ പണി കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.