സഹോദര സ്‌നേഹത്തിന്റെ ആഴം വൈകാരിക തീവ്രതയോടെ ഒപ്പിയെടുക്കുന്ന സീത കല്ല്യാണം പറയുന്നത് സീത, സ്വാതി, ശ്രാവണി എന്നീ മൂന്ന് സഹോദരിമാരുടെ കഥയാണ്. മൂവരുടെയും ആത്മബന്ധവും അവരെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന രാജേശ്വരി എന്ന അമ്മായിയമ്മയും, ആരുടെകൂടെ നില്‍ക്കണം എന്നറിയാതെ കുഴയുന്ന സീതയുടേയും സ്വാതിയുടേയും ഭര്‍ത്താക്കന്മാരായ കല്ല്യാണ്‍, അജയ് എന്നിവരും പരമ്പരയിലേക്ക് പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

പരമ്പരയിലെ പ്രധാനകാഥാപാത്രം സീതയാണെങ്കിലും പ്രേക്ഷകശ്രദ്ധ നേടുന്നത് വില്ലത്തിയായ രാജേശ്വരിയാണ്. വളര്‍ത്തുമകനായ കല്ല്യാണിനേയും, കല്ല്യാണിന്റെ ഭാര്യയായ സീതയേയും ഇല്ലാതാക്കാനാണ് രാജേശ്വരി പരമ്പരയിലുടനീളം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അബദ്ധവശാല്‍ മകനെ കൊല്ലാന്‍ ശ്രമിച്ചുപോകുന്ന രാജേശ്വരി നിലവില്‍ ഒളിവിലാണ്. കല്ല്യാണിന്റെ ശരിക്കുള്ള അമ്മയായ സ്വാമിനി ആശുപത്രിയിലായ സീതയെ കാണാനും മറ്റും വരുന്നും, സീതയുമായി ഹൃദ്യമായ ബന്ധം സ്ഥാപിക്കുന്നുമുണ്ട്. കാണാതായ അജയെ തിരികെ കിട്ടിയ സന്തോഷത്തില്‍ മതിമറന്ന് ജീവിക്കുകയാണ് കുടുംബമെല്ലാംതന്നെ.

എന്നാലിപ്പോള്‍ സീതയെ തേടി രാജേശ്വരിയുടെ കോള്‍ വരികയാണ്. സീതയേയും കല്ല്യാണിനേയും, കൂടെ സ്വാമിനിയേയും ഇല്ലാതാക്കുമെന്നാണ് രാജേശ്വരി വെല്ലുവിളിക്കുന്നത്. രാജേശ്വരിയുടെ ഭീഷണികളും പദ്ധതികളും സീത നിഷ്പ്രഭമാക്കാറാണ് പതിവ്, എന്നാല്‍ മടങ്ങിവരവില്‍ ആരെല്ലാമാണ് രാജേശ്വരിയുടെ കൂട്ടാളികളെന്നും, എന്തെല്ലാമാണ് പുത്തന്‍ പദ്ധതികളെന്നും അറിയാത്തതാണ് പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്. വരും ദിവസങ്ങള്‍ പരമ്പരയ്ക്ക് പ്രധാനപ്പെട്ടതാണ്, കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.