Asianet News MalayalamAsianet News Malayalam

മോഹന്‍ലാലിനൊപ്പം അമ്മ മല്ലികയ്ക്കും ആക്ഷന്‍ പറഞ്ഞ് പൃഥ്വിരാജ്; 'ബ്രോ ഡാഡി'യിലെ രംഗം

ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്

mallika sukumaran to play a character in bro daddy with mohanlal prithviraj shares a picture
Author
Thiruvananthapuram, First Published Aug 31, 2021, 7:19 PM IST

'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതിന്‍റെ ആവേശത്തിലാണ് പൃഥ്വിരാജ്. 'ലൂസിഫറി'ന്‍റെ തുടര്‍ച്ചയായ 'എമ്പുരാന്‍' നേരത്തേ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം നീട്ടിവച്ചിരിക്കുകയാണ്. ആ ഇടവേളയിലാണ് ഈ പശ്ചാത്തലത്തില്‍ ചിത്രീകരണം സാധ്യമാവുന്ന 'ബ്രോ ഡാഡി' പൃഥ്വി പ്രഖ്യാപിച്ചത്. നിലവില്‍ ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന സെറ്റില്‍ നിന്നും വ്യക്തിപരമായ മറ്റൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. 'ബ്രോ ഡാഡി'യില്‍ അമ്മ മല്ലിക സുകുമാരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് അത്.

ടൈറ്റില്‍ കഥാപാത്രമായെത്തുന്ന മോഹന്‍ലാലിനൊപ്പം മല്ലിക സുകുമാരനും എത്തുന്ന ഒരു രംഗത്തിന്‍റെ സ്റ്റില്‍ ആണ് പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'എക്കാലത്തെയും മികച്ച നടനെയും എക്കാലത്തെയും മികച്ച അമ്മയെയും ഒരേ ഫ്രെയ്‍മില്‍ സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍!' എന്നാണ് ചിത്രത്തിന് പൃഥ്വി നല്‍കിയിരിക്കുന്ന അടുക്കുറിപ്പ്. ആവേശത്തോടെയാണ് ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.

ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. സംവിധാനത്തിനൊപ്പം പൃഥ്വിരാജ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്‍ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios