Asianet News MalayalamAsianet News Malayalam

'മാമാങ്ക'ത്തിന് തുടര്‍ഭാഗങ്ങള്‍ ഉണ്ടാവുമോ? മമ്മൂട്ടിയുടെ മറുപടി

2009ല്‍ പുറത്തെത്തിയ 'കേരളവര്‍മ്മ പഴശ്ശിരാജ'യ്ക്ക് ശേഷം ഒരു പീരീഡ് ഫിലിമില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്. അതിനാല്‍ത്തന്നെ മമ്മൂട്ടി ആരാധകര്‍ക്കിടയിലും സിനിമാപ്രേമികള്‍ക്കാകെയും ഏറെ പ്രതീക്ഷയുള്ള കഥാപാത്രവും സിനിമയുമാണ് മാമാങ്കം.

mammootty about possibility of mamangam sequel
Author
Thiruvananthapuram, First Published Jun 12, 2019, 11:55 PM IST

കാന്‍വാസിന്‍റെ വലിപ്പം കൊണ്ട് പ്രഖ്യാപന സമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് മാമാങ്കം. സംവിധായകനെ മാറ്റിയതടക്കമുള്ള വിവാദങ്ങള്‍ കൊണ്ടും ചിത്രം പലപ്പോഴും തലക്കെട്ടുകളില്‍ നിറഞ്ഞു. ചിത്രീകരണത്തിന്‍റെ ഏറ്റവും അവസാനഘട്ടത്തിലുള്ള സിനിമയിലെ മമ്മൂട്ടിയുടെ സ്റ്റില്ലുകള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തെത്തിയതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വലിയ കാന്‍വാസിലെത്തുന്ന സിനിമകളില്‍ പലതിനും ഭാഷാഭേദമന്യെ തുടര്‍ഭാഗങ്ങള്‍ ഉണ്ടാവുന്നതിന് സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. തെലുങ്കില്‍ ബാഹുബലിയും കന്നഡ സിനിമാലോകത്ത് കെജിഎഫുമൊക്കെ അതിന് ഉദാഹരണങ്ങള്‍. അത്തരത്തിലുള്ള തുടര്‍ഭാഗങ്ങള്‍ക്കായി എന്തെങ്കിലും ആലോചനകള്‍ മാമാങ്കം അണിയറക്കാര്‍ക്കുണ്ടോ? സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി തന്നെ ഈ ചോദ്യത്തിന് മറുപടി പറയുന്നു.

തുടര്‍ഭാഗങ്ങളെക്കുറിച്ച് ഇതുവരെ ആലോചനകളൊന്നും നടന്നിട്ടില്ലെന്നും എന്നാല്‍ അതിന് ഏറെ സാധ്യതകളുള്ള പ്ലോട്ട് ആണെന്നുമാണ് മമ്മൂട്ടിയുടെ മറുപടി. വിഷ്വല്‍ എഫക്ട്സ് കുറച്ച് മാത്രം ഉപയോഗിച്ചിരിക്കുന്ന ചിത്രം ദൃശ്യപരമായി ഗംഭാരമായിരിക്കുമെന്നും മമ്മൂട്ടിയുടെ വാഗ്ദാനം. "വലിയ ദൃശ്യാനുഭവം ആയിരിക്കും മാമാങ്കം. റിയലിസ്റ്റിക്ക് വിഷ്വല്‍ എഫക്ട്സ്. അതും വളരെ മിനിമല്‍ ആയി. കംപ്യൂട്ടര്‍ ഗ്രാഫിക്സ് ഒക്കെ കുറവായിരിക്കും മാമാങ്കത്തില്‍. അതിനെ ഞങ്ങള്‍ അത്രയധികം ആശ്രയിക്കുന്നില്ല. മാമാങ്കത്തിനുവേണ്ടി വമ്പന്‍ സെറ്റാണ് നിര്‍മ്മിക്കപ്പെട്ടത്. പരമാവധി റിയാലിറ്റി കൊണ്ടുവരാന്‍ വേണ്ടിയാണ് ശ്രമിച്ചിട്ടുള്ളത്", മമ്മൂട്ടി പറഞ്ഞവസാനിപ്പിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമായാണ് 'മാമാങ്കം' ആദ്യം വാര്‍ത്തകളില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിംഗ് ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷം നിര്‍മ്മാതാവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പിന്നാലെ സംവിധായകസ്ഥാനത്തുനിന്ന് അദ്ദേഹം പുറത്താക്കപ്പെടുകയായിരുന്നു. എം പത്മകുമാറാണ് തുടര്‍ന്ന് സംവിധായക സ്ഥാനത്തെത്തിയതും ചിത്രം പൂര്‍ത്തിയാക്കുന്നതും. 2009ല്‍ പുറത്തെത്തിയ 'കേരളവര്‍മ്മ പഴശ്ശിരാജ'യ്ക്ക് ശേഷം ഒരു പീരീഡ് ഫിലിമില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്. അതിനാല്‍ത്തന്നെ മമ്മൂട്ടി ആരാധകര്‍ക്കിടയിലും സിനിമാപ്രേമികള്‍ക്കാകെയും ഏറെ പ്രതീക്ഷയുള്ള കഥാപാത്രവും സിനിമയുമാണ് മാമാങ്കം. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Follow Us:
Download App:
  • android
  • ios