സമീപകാലത്ത് മമ്മൂട്ടിയുടെ പല പുതിയ ഗെറ്റപ്പുകളും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരുന്നു. വ്യായാമത്തിനു ശേഷമുള്ള അദ്ദേഹത്തിന്‍റെ ചിത്രവും ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ വിവാഹ റിസപ്‍ഷന്‍ വേദിയില്‍ നിന്ന് പകര്‍ത്തിയ ചിത്രവുമൊക്കെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇന്‍സ്റ്റന്‍റ് ഹിറ്റുകള്‍ ആയിരുന്നു. അതുപോലെ ആയിരുന്നു ഇന്നലെ എത്തിയ, താടിയും മുടിയും നീട്ടിവളര്‍ത്തിയ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും. ഇപ്പോഴിതാ അതേ ഗെറ്റപ്പിലുള്ള അദ്ദേഹത്തിന്‍റെ പുതിയൊരു ചിത്രവും സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ നിറയുകയാണ്. മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുതുതായി ട്രെന്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്.

ബ്ലാക്ക്, ഗ്രേ ഡെനിമില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോള്‍ ബ്ലാക്കിലും റെഡ്ഡിലുമുള്ള സല്‍വാറിലാണ് സുല്‍ഫത്ത്. ആരാധകര്‍ക്കൊപ്പം ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

 

അതേസമയം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയുള്ള ഗെറ്റപ്പ് ആണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ വലിയ കാന്‍വാസ് ആവശ്യമുള്ള ഈ ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ചിരിക്കുകയാണ്. പകരം മമ്മൂട്ടി തന്നെ നായകനാവുന്ന മറ്റൊരു ചിത്രം അമല്‍ ഒരുക്കുമെന്നാണ് അറിയുന്നത്. നടന്‍ സൗബിന്‍ ഷാഹിറും അത്തരമൊരു ചിത്രത്തെക്കുറിച്ച് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പ്രോജക്ട് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല.