Asianet News MalayalamAsianet News Malayalam

റേഞ്ച് റോവര്‍ ഡ്രൈവ് ചെയ്ത് ലൊക്കേഷനിലേക്ക്; 10 മാസത്തിനുശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്കു മുന്നില്‍: വീഡിയോ

ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 'കടയ്ക്കല്‍ ചന്ദ്രന്‍' എന്നാണ് കഥാപാത്രത്തിന്‍റെ പേര്

mammootty drives his range rover to one location
Author
Thiruvananthapuram, First Published Jan 22, 2021, 8:08 PM IST

പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും സിനിമാചിത്രീകരണത്തിന്. സന്തോഷ് വിശ്വനാഥിന്‍റെ സംവിധാനത്തിലെത്തുന്ന 'വണ്ണി'ന്‍റെ ലൊക്കേഷനിലാണ് മമ്മൂട്ടി ഇന്ന് എത്തിയത്. ഭൂരിഭാഗം ചിത്രീകരണവും കൊവിഡിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന് ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മമ്മൂട്ടി പങ്കെടുക്കേണ്ട രംഗങ്ങള്‍ ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്. 

അതേസമയം മമ്മൂട്ടി ലൊക്കേഷനിലേക്കെത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. സ്വന്തം റേഞ്ച് റോവര്‍ സ്വയം ഡ്രൈവ് ചെയ്താണ് മമ്മൂട്ടി ലൊക്കേഷനിലേക്ക് എത്തിയത്. കൊവിഡ് കാലത്തെ താടിയും മുടിയും നീട്ടിയ ലുക്കില്‍ത്തന്നെയാണ് അദ്ദേഹം 'വണ്ണി'ന്‍റെ അവശേഷിക്കുന്ന ചിത്രീകരണത്തിനും എത്തിയത്. സണ്‍ ഗ്ലാസും മാസ്‍കും ധരിച്ച് മുടി പോണിടെയ്‍ല്‍ കെട്ടിയിരിക്കുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം.

ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 'കടയ്ക്കല്‍ ചന്ദ്രന്‍' എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു. മാര്‍ച്ച് 11ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം മമ്മൂട്ടി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന പുതിയ ചിത്രം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഒന്നാണ്. ഫെബ്രുവരി 3ന് കൊച്ചിയില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. അതേസമയം ഇതുവരെ ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു വിവരവും ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ല.

Follow Us:
Download App:
  • android
  • ios