മമ്മൂട്ടി നായകനാവുന്ന 'മാമാങ്കം' ആദ്യ ദിനം ആദ്യ ഷോ കാണാന്‍ തന്റെ വിവാഹം തന്നെ മാറ്റിവച്ച് മമ്മൂട്ടി ആരാധകന്‍. മെയ്‌മോന്‍ സുരേഷ് എന്ന ചെറുപ്പക്കാരനാണ് പ്രിയതാരത്തിന്റെ സിനിമയുടെ റിലീസ്ദിനത്തില്‍ തീരുമാനിക്കപ്പെട്ടിരുന്ന വിവാഹം, അത് മാറ്റി നേരത്തേ നടത്തിയത്. നവംബര്‍ 21നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അന്നുതന്നെയാണ് മെയ്‌മോന്റെ വിവാഹവും ആദ്യം തീരുമാനിക്കപ്പെട്ടത്. എന്നാല്‍ വരന്റെ അഭ്യര്‍ഥനപ്രകാരം പെണ്‍വീട്ടുകാരുടെകൂടി സമ്മതത്തോടെ വിവാഹത്തീയതി മാറ്റിനിശ്ചയിക്കുകയായിരുന്നു.

മാറ്റിവെക്കപ്പെട്ട തീയ്യതി ഇന്നലെ ആയിരുന്നു. മെയ്‌മോന്റെയും വധുവിന്റെയും വിവാഹ ചിത്രത്തോടൊപ്പം സുഹൃത്തുക്കള്‍ അദ്ദേഹത്തെ ഫേസ്ബുക്കില്‍ ടാഗ് ചെയ്ത് പോസ്റ്റ് ഇട്ടതോടെ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി.

50 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയിരിക്കുന്ന മാമാങ്കം സംവിധാനം ചെയ്തിരിക്കുന്നത് എം പത്മകുമാര്‍ ആണ്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്‌ലാന്‍, അനു സിത്താര തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാമാങ്കം കാലഘട്ടം പശ്ചാത്തലമാക്കുന്ന സിനിമയുടെ ചിത്രീകരണം കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും നവംബര്‍ 21ന് പ്രദര്‍ശനത്തിനെത്തും.