ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടിക്ക് ആയിരുന്നു

മലയാളിയുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് ഇത്രയേറെ നിറം കൊടുക്കുന്ന ഒരു സിനിമാതാരം മമ്മൂട്ടിയെപ്പോലെ മറ്റൊരാള്‍. പുതുകാലത്തെ മാറുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച്, പലപ്പോഴും ട്രെന്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ സഞ്ചാരം. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പലപ്പോഴും പങ്കുവെക്കുന്ന സ്വന്തം ചിത്രങ്ങള്‍ വളരെ പെട്ടെന്നുതന്നെ വൈറല്‍ ആവാറുണ്ട്. അടുത്തിടെ ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം പങ്കുവച്ച ചിത്രവും വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ തന്‍റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.

റെട്രോ ലുക്കിലാണ് ലളിതം, എന്നാല്‍ സ്റ്റൈലിഷ് ഗെറ്റപ്പില്‍ മമ്മൂട്ടി എത്തിയിരിക്കുന്നത്. ബ്ലാക്ക് സിം ഫിറ്റ് ഫുള്‍ സ്ലീവ് ഷര്‍ട്ടും ഗ്രേ കളര്‍ പാന്‍റ്സും അതേ നിറത്തിലുള്ള ഷൂസുമാണ് വേഷം. ബെല്‍ബോട്ടം എന്ന് തോന്നിപ്പിക്കുന്ന സ്റ്റിച്ചിംഗ് ആണ് പാന്‍റ്സിന്‍റേത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു മണിക്കൂര്‍ കൊണ്ട് 3.8 ലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. 

View post on Instagram

അതേസമയം ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടിക്ക് ആയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിലെ പ്രകടനമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ക്രിസ്റ്റഫര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ അവസാന റിലീസ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് ഇതിനകം ചിത്രീകരണം പൂര്‍ത്തിയായ മമ്മൂട്ടി ചിത്രങ്ങള്‍. കാതല്‍ ദി കോറില്‍ ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. എംടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സിന്‍റെ ആന്തോളജി ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. നവാഗതനായ ഡീനൊ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകനാണ് ഡീനൊ ഡെന്നിസ്.

ALSO READ : 'ബ്രോ ഡാഡി' റീമേക്കില്‍ 'ഡാഡി' ഉണ്ടാവില്ല; ചിരഞ്ജീവി ആവശ്യപ്പെട്ട പ്രധാന വ്യത്യാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക