മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റി'ന്‍റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പിന്നാലെ പ്രസ്തുത പോസ്റ്റര്‍ പ്രശസ്ത അമേരിക്കന്‍ ടിവി സിരീസ് ആയ 'ബ്രേക്കിംഗ് ബാഡി'ന്‍റെ പബ്ലിസിറ്റി മെറ്റീരിയല്‍ കോപ്പിയടിച്ചതാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ 'പ്രീസ്റ്റ്' പോസ്റ്ററിന് ആധാരമായ മമ്മൂട്ടിയുടെ ഒറിജിനല്‍ സ്റ്റില്‍ പങ്കുവച്ചുകൊണ്ട് പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ഓള്‍ഡ് മങ്ക്സ് ഈ ആരോപണത്തെ പൊളിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയൊരു പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. പോസ്റ്റര്‍ മാത്രമല്ല, ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു വാര്യര്‍ ഒരു ആവശ്യവും മുന്നോട്ടുവെക്കുന്നുണ്ട് ലഘു വീഡിയോയിലൂടെ.

'കൈതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് ബാലതാരം ബേബി മോണിക്ക 'പ്രീസ്റ്റി'ലും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോണിക്കയ്ക്ക് ശബ്ദം നല്‍കാനായി അണിയറക്കാര്‍ ഒരാളെ തേടുകയാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. 8-13 വയസ്സിനിടയില്‍ പ്രായമുള്ള, മലയാളം നന്നായി സംസാരിക്കാനറിയാവുന്ന പെണ്‍കുട്ടികളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയ്ക്കൊപ്പം അയയ്ക്കേണ്ട ബേബി മോണിക്കയുടെ സംഭാഷണവും വീഡിയോയിലുണ്ട്. ജനുവരി 12നകം അപേക്ഷ അയയ്ക്കണം.

മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്'. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അതേസമയം മമ്മൂട്ടിയുടേതായി മറ്റൊരു ചിത്രം കൂടി തീയേറ്ററുകളിലെത്താനുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്‍' ആണ് അത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയാണ് മമ്മൂട്ടിയുടെ കഥാപാത്രം.