അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്‍റിന്‍റെ ചിത്രീകരണത്തിനാണ് നവംബറില്‍ മമ്മൂട്ടി ഹംഗറിയില്‍ എത്തിയത്

ഫോട്ടോഗ്രഫിയില്‍ തനിക്കുള്ള കമ്പത്തെക്കുറിച്ച് മമ്മൂട്ടി (Mammootty) പലപ്പോഴും പറഞ്ഞിട്ടുണ്ട്. താനെടുക്കുന്ന ചിത്രങ്ങള്‍ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഹംഗറിയില്‍ വച്ച് താനെടുത്ത ഒരു ചിത്രവും അത് പകര്‍ത്തുന്നതിന്‍റെ ലഘുവീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. 'ഫോട്ടോഗ്രഫര്‍ ആന്‍ഡ് ഫോട്ടോഗ്രാഫ്' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ 'ഫഷന്‍മാന്‍സ് ബാസ്റ്റ്യന്‍റെ' രാത്രി ചിത്രമാണ് മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ഏജന്‍റ് എന്ന ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞ നവംബറില്‍ മമ്മൂട്ടി ഹംഗറിയില്‍ പോയിരുന്നു. അഖില്‍ അക്കിനേനി നായകനാവുന്ന ഈ ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

അതേസമയം നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനുള്ളത്. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴു, അമല്‍ നീരദിന്‍റെ ഭീഷ്‍മപര്‍വ്വം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, കെ മധു- എസ് എന്‍ സ്വാമി ടീമിനൊപ്പം സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ അപ്‍കമിംഗ് പ്രോജക്റ്റ്സ്. ഒപ്പം എംടി കഥകളെ ആസ്‍പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് ആന്തോളജിയിലെ ഒരു ചിത്രത്തിലും മമ്മൂട്ടി നായകനാവുന്നുണ്ട്. കടുഗണ്ണാവ ഒരു യാത്ര എന്ന ചെറുകഥയെ ആസ്‍പദമാക്കിയുള്ള ലഘു ചിത്രം സംവിധാനം ചെയ്യുന്നതും ലിജോ ജോസ് പെല്ലിശ്ശേരിയാണ്.