2016ല്‍ പുറത്തിറങ്ങിയ എബ്രിഡ് ഷൈന്‍ ചിത്രം 'ആക്ഷന്‍ ഹീറോ ബിജു'വാണ് സുരാജിലെ അഭിനേതാവിന് ബ്രേക്ക് നേടിക്കൊടുത്തത്. ഡോ. ബിജുവിന്റെ 'പേരറിയാത്തവരി'ലൂടെ അതിനുമുന്‍പേ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നുവെങ്കിലും മുഖ്യധാരാ പ്രേക്ഷകരിലേക്ക് ആ ചിത്രം വേണ്ടവിധം എത്തിയിരുന്നില്ല. എന്നാല്‍ ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രന്‍ എന്ന കഥാപാത്രം സുരാജിന്റെ പിന്നീടുള്ള കരിയര്‍ അടിമുടി മാറ്റിയെഴുതി. സമീപകാലത്ത് പുറത്തെത്തിയ നിരവധി സിനിമകളില്‍ സുരാജിന്റെ ശ്രദ്ധേയ പ്രകടനങ്ങളുണ്ട്. അതില്‍ പല കഥാപാത്രങ്ങളും സുരാജിനേക്കാള്‍ പ്രായമുള്ളവരാണ്, പലതും അച്ഛന്‍ കഥാപാത്രങ്ങളും. പ്രായമായ കഥാപാത്രങ്ങള്‍ സ്ഥിരമായി അവതരിപ്പിക്കുന്നതിന്റെ റിസ്‌കിനെക്കുറിച്ച് അടുത്തിടെ മമ്മൂട്ടി തന്നോട് സംസാരിച്ചെന്ന് സുരാജ് വെഞ്ഞാറമ്മൂട്. ഐഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇതേക്കുറിച്ച് പറയുന്നത്.

"മമ്മൂക്ക ഇന്നലെ പറഞ്ഞു, 'നീ കെളവനെയും ചെയ്ത് നടന്നോ. നെടുമുടിയുടെയും തിലകന്റെയുമൊക്കെ അവസ്ഥ അറിയാലോ. ചെറിയ പ്രായത്തില്‍ തന്നെ വലിയ സംഭവങ്ങള്‍ ചെയ്തു'. ഇല്ല ഇക്കാ, ഞാന്‍ ഇതോടെ പരിപാടി നിര്‍ത്തുകയാ. എന്നിട്ട് ഇക്കയുടെ ചുവടുപിടിക്കാം എന്ന് പറഞ്ഞു", അഭിമുഖത്തില്‍ സുരാജ് പറയുന്നു.

 

ഇപ്പോള്‍ തീയേറ്ററുകളിലുള്ള ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 എന്ന ചിത്രത്തില്‍ ഭാസ്‌കര പൊതുവാള്‍ എന്ന വൃദ്ധ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം കരിയറില്‍ ഇതുവരെ ചെയ്യാത്തതരം കഥാപാത്രത്തിന് വലിയ പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'കുഞ്ഞപ്പന്' മുന്‍പെത്തിയ വികൃതി, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലും സുരാജിന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായിരുന്നു. ഈ ചിത്രങ്ങളിലെ പ്രകടനങ്ങളുടെ പേരിലും അദ്ദേഹം ഏറെ ആസ്വാദകപ്രീതി നേടിയിരുന്നു.