ദില്ലി: ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യുവുമായി പഞ്ചഗുസ്തി പിടിച്ച് നടന്‍ മമ്മൂട്ടി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒടുവില്‍ ജോബിയുടെ കൈക്കരുത്തിന് മുന്നില്‍ മമ്മൂട്ടി തോല്‍വി സമ്മതിക്കുന്നതും വിഡിയോയിലുണ്ട്. മത്സരശേഷം മമ്മൂട്ടി ജോബിയെ അഭിനന്ദിക്കുകയും ചെയ്തു. ഇപ്പോള്‍ വണ്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ് മമ്മൂട്ടി. ഇവിടെ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാ അതിഥിയായി എത്തിയതായിരുന്നു മമ്മൂട്ടി.

ഇതേ സമയം മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 'വൺ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി പുറത്തുവിട്ടത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുന്നതിനിടെ മമ്മൂട്ടി,  മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് വാർത്തയായിരുന്നു. മമ്മൂട്ടി നേരിട്ട് ഓഫീസിൽ കാണാനെത്തിയ ദൃശ്യങ്ങൾ മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു.

24 വേള്‍ഡ് മെഡലുകള്‍ നേടിയിട്ടുള്ള ഗുസ്തി ചാമ്പ്യനാണ് ജോബി മാത്യു. 2008ല്‍ സ്‌പെയിനില്‍ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരം നോര്‍മല്‍ വിഭാഗത്തില്‍ ജോബി ചാമ്പ്യനായിട്ടുണ്ട്. ശേഷം 2012ല്‍ ഭിന്ന ശേഷി വിഭാഗത്തിലും ലോക പഞ്ചഗുസ്തി ചാമ്പ്യനായി മാറുകയുണ്ടായി. 2013ല്‍ അമേരിക്കയില്‍ ഹ്രസ്വകായര്‍ക്കായി നടന്ന ഒളിമ്പിക്‌സിലെ ചമ്പ്യനുമായിരുന്നു ജോബി. 2017ല്‍ കാനഡയില്‍ നടന്ന മത്സരത്തില്‍ 6 സ്വര്‍ണ്ണ മെഡലുകളും ജോബി നേടിയിരുന്നു. കഥ പറഞ്ഞ കഥ എന്ന സിനിമയിലും ജോബി അഭിനയിച്ചിട്ടുണ്ട്.