മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളാണ് ലോലിതനയും മണ്ഡോദരിയുമായി സ്‌ക്രീനിലെത്തുന്ന ശ്രീകുമാറും സ്‌നേഹയും. അഭിനേതാക്കളായ സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം ആരാധകര്‍ ഏറെ ആഹ്ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലൂടെയാണ് ഇരുവരും മലയാളിക്ക് പ്രിയങ്കരരാകുന്നത്. കൂടാതെ പാട്ടും നൃത്തവുമായും പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഇരുവരും സമയം കണ്ടെത്താറുമുണ്ട്.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സ്‌നേഹ. 'എന്റെ പ്രിയപ്പെട്ട ചിത്രങ്ങള്‍. ഇഷ്ടമുള്ള കളര്‍ കോംബിനേഷനും' എന്നുപറഞ്ഞാണ് പുതിയ ചിത്രങ്ങള്‍ താരം പങ്കുവച്ചത്. ചുവന്ന സ്‌കര്‍ട്ടും, ചുവപ്പില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ള ബ്ലൗസിനുമൊപ്പം റോസ് നിറത്തിലുള്ള ദാവണിയും ചുറ്റിയാണ് പുതിയ ചിത്രങ്ങള്‍. ഡാന്‍സിന്റെ വിവിധ പോസുകളിലുള്ള മനോഹരമായ ചിത്രങ്ങള്‍ പെട്ടന്നുത്തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ചിത്രങ്ങള്‍ക്കൊപ്പം തന്നെ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോയും സ്‌നേഹ പങ്കുവച്ചിട്ടുണ്ട്. രചനാ നാരായണന്‍കുട്ടിയും നേഹ സക്‌സേനയുമടക്കം നിരവധി ആളുകളാണ് ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും ആശംസകളുമായെത്തിയിരിക്കുന്നത്. സുന്ദരിയായി മാറിയിട്ടുണ്ടല്ലോയെന്നാണ് മിക്ക ആളുകളും സ്‌നേഹയോട് ചോദിക്കുന്നത്.