സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‌യുടെ മാസ്റ്റർ. ചിത്രവുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ആക്ഷന്‍ വിട്ട് റൊമാന്‍സിലേക്ക് മാറിയ വിജയ്‌യെ പ്രമോയിൽ കാണാം. വിജയ്‌ക്കൊപ്പം മാളവിക മോഹനും ഈ ഡയലോഗ് പ്രമോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ചുള്ള രംഗങ്ങള്‍ പുറത്തുവരുന്നത്. 13ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ പ്രമോകളെല്ലാം എല്ലാദിവസവും അണിയറ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നുണ്ട്.

കൊവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വന്‍ റിലീസ് ആണ് 'മാസ്റ്റര്‍'. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു. 'കൈതി'ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.