മലയാളി വീട്ടമ്മമാരുടെ സ്വന്തം അമൃതയായി എത്തി പ്രേക്ഷകഹൃദയം കീഴടക്കിയ നടിയാണ് മേഘ്ന വിന്‍സെന്‍റ്. തനി നാടൻ പെൺകുട്ടിയായി ചന്ദനമഴയിൽ എത്തിയ മേഘ്ന വിവാഹത്തോടെയാണ് പരമ്പരയില‍്‍ നിന്ന് മാറിയത്. ചന്ദനമഴയിലെ അമൃതയെ അത്ര പെട്ടെന്നൊന്നും ആരാധകര്‍ക്ക് മറക്കാനാവില്ല. അഭിനയരംഗത്തുനിന്ന് താല്‍ക്കാലികമായി മാറി നിന്നെങ്കില്‍ ആരും അമൃതയെ മറന്നിട്ടില്ല. ഇപ്പോഴിതാ ആരാധകര്‍ക്ക് മുമ്പില്‍ പുതിയ സംരഭവുമായി എത്തിയിരിക്കുകയാണ് മേഘ്ന. മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന പേരില്‍ യുട്യൂബ് ചാനലുമായാണ് താരം എത്തിയിരിക്കുന്നത്.

കുക്കിങ്ങും അച്ഛമ്മയ്ക്കൊപ്പമുള്ള ചെറു സീരീസ് വീഡിയോകളുമൊക്കെയാണ് താരത്തിന്‍റെ യുട്യൂബ് ചാനലില്‍ ആദ്യ ഘട്ടത്തില്‍ എത്തിയിരിക്കുന്നത്. ദിവസങ്ങല്‍ക്കകം ആയിരക്കണക്കിന് ആളുകള്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. ചാനല്‍ തുടങ്ങി ഒരാഴ്ചയോളം കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറ‍ഞ്ഞ് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് മേഘ്ന.

'ചാനല്‍ മേഘ്ന സ്റ്റുഡിയോ ബോക്സിന് നിങ്ങളെല്ലാം നല്ല സപ്പോര്‍ട്ട് കിട്ടുന്നുണ്ട്.  തുടങ്ങി ഒരാഴ്ച്ചക്കകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നല്ല വ്യൂസ് കിട്ടിയിട്ടുണ്ട്. ഇപ്പോഴും നിങ്ങളുടെ മനസില്‍ ഞാന്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവരുടെയും പിന്തുണ ഇനിയും തുടരണം- മേഘ്ന പറയുന്നു. ലോക്ക് ഡൗണൊക്കെ അവസാനിക്കുമ്പോള്‍ പുതിയ വേഷത്തിലും ഭാവത്തിലും താരമെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.