സിനിമകളിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരരായ കോമഡി താരങ്ങളാണ് സുബി സുരേഷും ധര്‍മജന്‍ ബോള്‍ഗാട്ടിയും. കോമഡി റോളുകള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളിലും സുബി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ അധികം കടന്നുചെല്ലാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാന്‍ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ധര്‍മജനെ മലയാളിക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പിഷാരടിയും ധര്‍മജനും ഒന്നിച്ചുള്ള സ്‌റ്റേജുകളും പ്രോഗ്രാമുകളും മലയാളിക്ക് അത്രമേല്‍ പ്രിയപ്പെട്ടവയാണ്.

മുണ്ട് മടക്കിക്കുത്തി കയ്യില്‍ വാഴക്കുലയും തലയില്‍ കെട്ടും കെട്ടിയ സുബിയുടെ ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവര്‍ഡ് നേടാനുള്ള പരിപാടി ആയിരിക്കും അല്ലെ എന്നായിരുന്നു അന്ന് ആരാധകര്‍ സുബിയോട് ചോദിച്ചത്. തന്റെ തന്നെ കൃഷിയാണിതെന്ന് സുബി അന്നുതന്നെ കമന്റായി പറഞ്ഞിരുന്നു. കൃഷിയും മറ്റുമായി ലോക്ഡൗണ്‍കാലത്ത് ആഘോഷം തന്നെയായിരുന്നു സുബിക്ക്. എന്നാല്‍ ലോക്ഡൗണ്‍ കഴിഞ്ഞിട്ടും കൃഷിയും മറ്റും സുബി നിര്‍ത്തിയിട്ടില്ല എന്നാണ് ധര്‍മജന്റെ പോസ്റ്റ് ശരിവയ്ക്കുന്നത്.

ഇപ്പോള്‍ ധര്‍മജനാണ് സുബിയുമൊന്നിച്ച് കപ്പയും പിടിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. 'സുബിയും ഞാനും നാടന്‍ കപ്പയോടൊപ്പം'  എന്നുപറഞ്ഞാണ് ചിത്രം പങ്കുവച്ചത്.