സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയ പരമ്പരയാണ് 'സാന്ത്വനം'. ജനപ്രിയ പരമ്പരയായിരുന്ന 'വാനമ്പാടി'ക്കുശേഷം ചിപ്പി രഞ്ജിത്ത് മലയാള മിനിസ്‌ക്രീനിലേക്കെത്തിയ പരമ്പര നൂറ് എപ്പിസോഡുകള്‍ തികച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ലിംഗ, പ്രായഭേദമന്യേ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകാന്‍ സാന്ത്വനത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകൂടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റാന്‍ കാരണം.

മലയാളം ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ മനോഹരമായ കഥാപാത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച താരമാണ് ചിപ്പി. വാനമ്പാടി പരമ്പരയിലൂടെ വീണ്ടും മിനിസ്‌ക്രീനിലേക്കെത്തിയ ചിപ്പി സാന്ത്വനം പരമ്പരയിലും സോഷ്യല്‍മീഡിയയിലും നിറഞ്ഞുനില്‍ക്കുകയാണ്.  'സാന്ത്വനിപ്പിക്കുന്നൊരു കുടുംബസെല്‍ഫി' പങ്കുവച്ചിരിക്കുകയാണ് ചിപ്പിയിപ്പോള്‍. ടി.ആര്‍.പി റേറ്റിംഗില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന പരമ്പരയുടെ നൂറാം എപ്പിസോഡ് ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു. പരമ്പരയിലെ മിക്ക താരങ്ങളും സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്കുമുന്നിലെത്തി നന്ദി അറിയിച്ചിരുന്നു. പിന്നീടാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെല്ലാംതന്നെയുള്ള സെല്‍ഫി ചിപ്പി പങ്കുവച്ചത്.

പരമ്പരയ്ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് ആരാധകര്‍. കൂടാതെ പങ്കുവച്ച സെല്‍ഫി മനോഹരമായിട്ടുണ്ടെന്നാണ് എല്ലാവരുംതന്നെ കമന്‍റ് ചെയ്യുന്നത്. മിനിസ്‌ക്രീനിലെ പരിചിത മുഖങ്ങളായ ചിപ്പിയും രാജീവ് പരമേശ്വരനും പ്രധാന വേഷങ്ങളിലെത്തുന്നു എന്നതു തന്നെയാണ് പരമ്പരയുടെ ഏറ്റവും വലിയ പ്രത്യേകത. ശ്രീദേവിയുടേയും ഭര്‍ത്താവായ ബാലകൃഷ്ണന്‍റെയും ബാലകൃഷ്ണന്‍റെ സഹോദരന്മാരുടെയും ജീവിതമാണ് പരമ്പര പറയുന്നത്. അവര്‍ക്കിടയിലെ കൊച്ചുകൊച്ചു പിണക്കങ്ങളും സ്നേഹവുമെല്ലാം സ്‌ക്രീനിലെത്തിക്കുന്നതില്‍ ടീം വിജയിച്ചുകഴിഞ്ഞു.