തിരുവനന്തപുരം പുല്ലുവിള സ്വദേശിയാണ് ത്രേസ്യ ലൂയിസ്.

'ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്..', വെള്ളം സിനിമയിലെ ഈ ഡയ​ഗോല് പലപ്പോഴും പലരും ഉപയോ​ഗിച്ച് കണ്ടിട്ടുണ്ട്. മറ്റുള്ളവരാൻ മാറ്റിനിർത്തപ്പെട്ട് അവ​ഗണന നേരിട്ട പലരും മുൻനിരയിൽ എത്തിയ ചരിത്രം കൂടിയാണ് ഈ വാക്കുകൾ. അത്തരത്തിലൊരാൾ ആണ് തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ ത്രേസ്യ ലൂയിസ്. മാറ്റിനിർത്തപ്പെടലിലും കളിയാക്കലുകളിലും വീഴാതെ ത്രേസ്യ കെട്ടിപ്പടുത്തത് ഗോൾഡൻ ഫേസ് 2024 മോഡൽ ഫസ്റ്റ് റണ്ണറപ്പ് എന്ന പട്ടമാണ്. 

കുഞ്ഞുനാൾ മുതൽ മനസിൽ കറിക്കൂടിയ മോഡലിം​ഗ് എന്ന സ്വപ്നത്തിന്റെ ആദ്യചുവടുവയ്പ്പ് ആയിരുന്നു ത്രേസ്യയ്ക്ക് ഈ സൗന്ദര്യ കിരീടം. "ഞാൻ ഒരുപാട് ആ​ഗ്രഹിച്ചെത്തിയ പെസിഷനാണിത്. കുഞ്ഞുനാളിൽ ആ​ഗ്രഹിക്കുന്ന പല കാരങ്ങളും നമ്മൾ വളരുന്തോറും മാറിക്കൊണ്ടിരിക്കും. പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെ അല്ലായിരുന്നു. പ്ലസ് ടു മുതലുള്ള എന്റെ ആ​ഗ്രഹം ആയിരുന്നു മോഡലിം​ഗ്. എ‍ഞ്ചിനിയറിം​ഗ് പഠിക്കാൻ കയറിയ സമത്ത് ആണെങ്കിലും ജോലി ചെയ്യുന്ന സമയങ്ങളിലായാലും ആ ആ​ഗ്രഹം പോകാണ്ട് മനസ്സിൽ തന്നെ ഉണ്ടായിരുന്നു. അതിന് വേണ്ടി ഞാൻ തന്നെ മുൻകൈ എടുത്ത്, വേണമെന്ന് പറഞ്ഞ് വാങ്ങിച്ച് എടുത്ത വിജയമായിട്ടാണ് എനിക്ക് തോന്നുന്നത്. ശരിക്കും വളരെ അഭിമാനം തോന്നുന്നുണ്ട്", എന്നാണ് ത്രേസ്യ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആയിരുന്നു ത്രേസ്യയുടെ പ്രതികരണം. 

"വീട്ടിൽ ആദ്യം താൽപര്യം വറെ കുറവായിരുന്നു. കാരണം മോഡലിം​ഗ് എന്ന് പറയുമ്പോൾ അവർക്ക് ആ​ദ്യം വരുന്നത് വസ്ത്രമില്ലാത്ത ഒരു കോൺസപ്റ്റ് ആയിരുന്നു. പക്ഷേ ഞാനവരെ പറഞ്ഞ് മനസിലാക്കി. എന്നാലും അവർക്ക് താല്പര്യം ഇല്ലായിരുന്നു. പക്ഷേ എന്റെ ആ​ഗ്രഹം അത്രത്തോളം ഉള്ളിൽ ഉണ്ടായത് കൊണ്ട്, ഇനിയെങ്കിലും എന്റെ ആ​ഗ്രഹത്തിന് പോകണമെന്ന് കരുതി ഞാനായിട്ട് ഒരു സ്റ്റെപ്പ് എടുത്തതാണ്"എന്നും ത്രേസ്യ പറയുന്നു. 

കളിയാക്കിയവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ചുവെന്നും ത്രേസ്യ പറയാതെ പറയുന്നുണ്ട്. "പത്ത്, പന്ത്രണ്ട് ക്ലാസിലൊക്കെ ബോഡി ഷെയ്മിം​ഗ്, ഭയങ്കരമായിട്ട് അകറ്റി നിർത്തപ്പെട്ട ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നീ കറുത്തിരിക്കുന്നു എന്നൊക്കെ പറയുമായിരുന്നു. ഒരുപാട് കരഞ്ഞിട്ടുണ്ട്. വീട്ടിൽ വന്ന് അമ്മയോട് പരാതി പറഞ്ഞിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ അമ്മ ചേർത്തുപിടിച്ചു. ഞാൻ ഇപ്പോൾ ഈയൊരു നിലയിൽ നിൽക്കുന്നുണ്ടെങ്കിൽ അവയൊക്കെ ഞാൻ ഓവർകം ചെയ്ത് വന്നത് കൊണ്ടാണ്. സ്റ്റക്കായി നിൽക്കാതെ അടുത്ത് എന്തു ചെയ്യാം എന്നാണ് ഞാൻ ആലോചിച്ചത്. അതുകൊണ്ട് എന്റെ കഴിവ് തെളിയിച്ച് മിസ് ഗോൾഡൻ ഫേസ് 2024 മോഡൽ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പാകാൻ സാധിച്ചതും", എന്ന് ത്രേസ്യ അഭിമാനത്തോടെ പറയുന്നു. 

മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോൾ എനിക്ക് ഒത്തിരി സന്തോഷമായിരുന്നു. ഞാൻ അത്രയ്ക്കും ആ​ഗ്രഹിച്ചൊരു പ്ലാറ്റ്ഫോം ആയിരുന്നു. പക്ഷേ 30,000 എന്ന് കേട്ടപ്പോൾ കിളിപോയി. രജിസ്ട്രേഷൻ ഫീസ് ആണ്. നമ്മളെ സഹായിക്കാൻ ഇൻവിസിബിൾ ആയിട്ടുള്ളൊരാൾ വരും. അതുപോലെ എന്റെ ലൈഫിലും ഒരാൾ ഉണ്ടായി. എന്റെ സുഹൃത്ത് അശ്വിനി ആണതെന്നും ത്രേസ്യ വാചാലയാകുന്നു. 

ഇന്റർനാഷണൽ ലെവലിൽ അറിയപ്പെടുന്ന മോഡൽ ആകണമെന്നാണ് ത്രേസ്യയുടെ ആ​ഗ്രഹം. അതിന് വേണ്ടി ഓരോന്ന് ചെയ്യുകയാണെന്നും മോഡലിം​ഗ് പോയിട്ട് ഏറ്റവും വലിയ ആ​ഗ്രഹം എന്നത് സ്വന്തമായിട്ട് ഒരു വീട് ആണെന്നും ത്രേസ്യ പറയുന്നു. 

'ഭ്രമയു​ഗ'ത്തിന്റെ കാരണവര്‍, കഥാപാത്ര പേര് ഇതോ? മമ്മൂട്ടി എത്ര നേരം സ്ക്രീനില്‍? ചർച്ചകൾ ഇങ്ങനെ

ചെന്നൈയിൽ മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്ന ആളാണ് ത്രേസ്യ. "എന്നെപ്പോലുള്ള കുട്ടികളോട് പറയാനുള്ളത് ഒരേയൊരു കാര്യമാണ്. നിങ്ങൾക്ക് എന്തെങ്കിലും ഒരു ആ​ഗ്രഹം ഉണ്ടെങ്കിൽ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുക. അതുണ്ടെങ്കിൽ ഒരു പ്രതിസന്ധിയും നമ്മളെ ബാധിക്കില്ല", എന്നാണ് തങ്ങളുടെ സ്വപ്നത്തിലേക്ക് കടന്നു പോകാനിരിക്കുന്നവരോട് ത്രേസ്യയ്ക്ക് പറയാനുള്ളത്. 

കളിയാക്കിയവരെക്കൊണ്ട് കയ്യടിപ്പിച്ച പുല്ലുവിളക്കാരി- വീഡിയോ കാണാം..