ഫാന്റസിയും മാജിക്കും ഇടകലര്‍ന്ന വിസ്മയ പ്രണയകഥ- മൊഹബത്ത് എന്ന പരമ്പരയെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. സ്റ്റാര്‍ പ്ലസില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലിന്റെ മലയാളം പതിപ്പ് ഏഷ്യാനെറ്റില്‍ തിങ്കളാഴ്ച പ്രദര്‍ശനം ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം അഞ്ച് മണിക്കും രാത്രി 10.30നും ആയിരിക്കും പരമ്പര സംപ്രേഷണം ചെയ്യുക.

സ്റ്റാര്‍ പ്ലസില്‍  20 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് മലയാളത്തിലും സീരിയല്‍ എത്തിക്കാന്‍  സ്റ്റാര്‍ നെറ്റ്വര്‍ക്ക്  തീരുമാനിച്ചത്. ഹിന്ദിയില്‍ നിന്ന് പരിഭാഷ ചെയ്‌തെത്തുന്ന പരമ്പരകള്‍ക്ക് കേരളത്തിലും പ്രേക്ഷക സ്വീകാര്യതയുണ്ട്. കൈലാസ നാഥന്‍, വേഴാമ്പല്‍, കണ്ണന്റെ രാധ, സീതയിന്‍ രാമന്‍ തുടങ്ങിയ സീരിയലുകള്‍ക്ക് മികച്ച റേറ്റിങ്ങാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിക്രം സിങ് ചൗഹാനാണ് സീരിയലില്‍ നായകനായി എത്തുന്നത്. അമന്‍ ജുനൈദ് ഖാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേരെങ്കിലും മലയാളത്തില്‍ മറ്റൊരു പേര് പ്രതീക്ഷിക്കാമെന്നാണ്  റിപ്പോര്‍ട്ടുകള്‍. അതിഥി ശര്‍മയാണ് നായിക വേഷത്തിലെത്തുന്നത്. അമന്റെ ഭാര്യയുടെ വേഷത്തിലാണ് അതിഥി എത്തുക.