പ്രേക്ഷകരുടെ മനംകവര്‍ന്ന് മുന്നേറുന്ന പരമ്പരയാണ് മൊഹബത്ത്. അമന്‍, റോഷ്‌നി എന്നിവരുടെ പ്രണയവും, നാടോടികഥകളിലൂന്നിയ സംഘട്ടന മുഹൂര്‍ത്തങ്ങളും പരമ്പരയ്ക്ക് മാറ്റ് കൂട്ടുന്നു. ജിന്നിന്റെ കയ്യില്‍നിന്ന് സമ്പത്തും മറ്റും സ്വീകരിച്ച അമന്റെ ഉപ്പ അമനെ പകരം അമനെയാണ് ജിന്നിന് നല്‍കിയത്. വളരെയധികം അമാനുഷികതയുള്ള കഥാപാത്രമാണ് അമന്‍. എന്നാല്‍ കുപ്പിയില്‍ ബന്ധനസ്ഥനായ ജിന്നിനെ പുറത്തെത്തിക്കാനും, അമനെ ജിന്നിലേക്ക് കൂട്ടിച്ചേര്‍ക്കാനുമായി അഫ്രിതി ജിന്ന് ശ്രമിക്കുന്നു. അമന്റെ ജീവന്‍ ഇനിയും മുന്നോട്ട് പോകണമെങ്കില്‍ അതിന് കഴിയുള്ള അയാന എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യണം. അങ്ങനെ സല്‍മ എന്ന ബാര്‍ ഡാന്‍സറുടെ മകളായ റോഷ്‌നിയെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദംമൂലം അമന്‍ വിവാഹം ചെയ്യുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞതോടെ അമന്റെ സ്വഭാവത്തില്‍ മാറ്റം വരുന്നുണ്ട്. അമന്‍ റോഷ്‌നിയെ പ്രണയിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ മകന്‍ ഒരു ബാര്‍നര്‍ത്തകിയുടെ മകളെ വിവാഹം ചെയ്‍തത് അമന്റെ ഉമ്മയ്ക്ക് അംഗീകരിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. വീട്ടിലെ എല്ലാവരും റോഷ്‌നിയെ അംഗീകരിക്കുമ്പോഴും അമന്റെ ഉമ്മ റോഷ്‌നിയെ നിരസിക്കുകയാണ് ചെയ്യുന്നത്.

അതേസമയം അമനേയും റോഷ്‌നിയേയും തമ്മില്‍ അകറ്റിയാലെ, ജിന്നിന് കാര്യങ്ങള്‍  മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. അതിനായി ജിന്ന് പല വഴികളും തേടുന്നുണ്ട്. പണത്തിന് അത്യാര്‍ത്തിയുള്ള റോഷ്‌നിയുടെ വളര്‍ത്തുമ്മ സല്‍മ ജിന്നിന് കീഴ്‌പ്പെടുകയാണ്. അമനെ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന ആയിഷ എന്ന പെണ്‍കുട്ടിയും ജിന്നിന് കീഴ്‌പ്പെട്ടുകഴിഞ്ഞു. അങ്ങനെ ജിന്ന് തന്റെ പ്രതിരൂപങ്ങളുടെ പടയെ വലുതാക്കിക്കൊണ്ടിരിക്കയാണ്. സല്‍മയെ തങ്ങളിലേക്ക് അടുപ്പിച്ചാല്‍ റോഷ്‌നിയെ അമനില്‍നിന്ന് അകറ്റാം എന്നാണ് ജിന്ന് കരുതുന്നത്.റോഷ്‌നിയെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ അമനെ വിളിച്ചു പറഞ്ഞാല്‍ ആ നിമിഷം തന്നെ അമന്‍ റോഷ്‌നിയെ ഒഴിവാക്കുമെന്ന് സല്‍മ ജിന്നിന് വാക്കും നല്‍കുന്നുണ്ട്.

സല്‍മ അമന്റെ പണം തട്ടാനായാണ്, ആശുപത്രിയില്‍ ഹൃദയാഘാതമാണ് എന്നു പറഞ്ഞ് കിടന്നതെന്ന് അമന്റെ സുഹൃത്തായ ഡോക്ടര്‍ അമനോട് പറയുന്നത്. അതുകേള്‍ക്കുന്ന അമന്‍ റോഷ്‌നിയേയും സംശയിക്കുന്നുണ്ട്. എന്നാല്‍ എല്ലാ ശക്തിയേക്കാളും വലുത് പ്രണയമാണെന്നതിനാല്‍ അമന്‍ വീണ്ടും റോഷ്‌നിയെ പ്രണയിച്ചുപോകുകയാണ്. എന്നാല്‍ തന്റെ ഉമ്മയുടെ തട്ടിപ്പൊന്നും അറിയാതെ പാവം റോഷ്‌നി അമന്റെ വീട്ടില്‍ സന്തോഷത്തോടെയാണിരിക്കുന്നത്. പരമ്പരയിലെ പ്രണയരംഗങ്ങളും, പശ്ചാത്തലസംഗീതവും പ്രേക്ഷകനെ തീര്‍ത്തും പ്രണയത്തിന്റെ ഭാവങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്ന് തീര്‍ച്ചയാണ്. അതേസമയംതന്നെ ജിന്നിന്റെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചക്കാരനെ പേടിപ്പെടുത്തുമുണ്ട്.

ഒരു മിസ്റ്റീരിക്ക് ത്രില്ലര്‍ ഡ്രാമ എന്ന രീതിയിലാണ് പരമ്പരയുടെ കഥാഗതി പുരോഗമിക്കുന്നത്. ഓരോ നിമിഷവും കാഴ്‍ചക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ പരമ്പരയ്ക്ക് കഴിയുന്നുണ്ട്. അമന്റെയും റോഷ്‌നിയുടേയും പ്രണയം തകര്‍ക്കാന്‍ ജിന്ന് ശ്രമിക്കുമ്പോള്‍ എന്താകും സംഭവിക്കുക എന്നറിയാന്‍  കാത്തിരിക്കാം.