കെട്ടുകഥകളും പ്രണയവും ഇടകലര്‍ത്തി മുന്നേറുന്ന മൊഹബത്ത് ഏഴ് എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ ജിന്നിന്റെ കയ്യിലകപ്പെട്ട അമന്റെ വധുവിനെ ജിന്ന് കുപ്പിയിലാക്കി വച്ചിരിക്കുകയും, അമന്റെ ഉമ്മയുടെ ഉമ്മയെ തന്റെ വരുതിയില്‍ വച്ചിരിക്കുകയുമാണ്. അമന്റെ വീട്ടില്‍ കയറിപ്പറ്റി വീട്ടില്‍ ഒളിച്ചുവച്ചിരിക്കുന്ന മാന്ത്രികവിളക്ക് കൈക്കലാക്കുകയുമാണ് ജിന്നിന്റെ ലക്ഷ്യം. കുട്ടികള്‍ക്കുപോലും ഹൃദ്യമാകുന്ന രീതിയിലാണ് പരമ്പരയുടെ മുന്നോട്ടുള്ള കഥാഗതി.

അതേസമയം റോഷ്‌നിയുടെ വീട്ടിന്റെ യഥാര്‍ത്ഥ ഉടമസ്ഥരായവര്‍ ഗുണ്ടകളേയും കൂട്ടിവന്ന് വീട്ടിലെ സാധനജംഗമങ്ങള്‍ പുറത്തേക്കെറിയുന്നതാണ് വീട്ടിലേക്ക് മടങ്ങിയെത്തുന്ന റോഷ്‌നി കാണുന്നത്. അവിടെ നമുക്ക് റോഷ്‌നിയുടെ മാതൃസ്‌നേഹവും സ്‍മാര്‍ട്ടും കാണാന്‍ കഴിയുന്നുണ്ട്. ഒരുകാലത്ത് ബാര്‍നര്‍ത്തകിയായിരുന്ന റോഷ്‌നിയുടെ ഉമ്മയെ വീട്ടുടമസ്ഥര്‍ ആക്ഷേപിക്കുന്നതും, റോഷ്‌നി അവരോട് തര്‍ക്കിക്കുകയുമാണ്. സ്വന്തമായി ബേക്കറി തുടങ്ങിയാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് റോഷ്‌നി ഉമ്മയെ പറഞ്ഞ് സമാധാനിപ്പിക്കുന്ന രംഗങ്ങള്‍ പരമ്പരയെ കൂടുതല്‍ മനോഹരമാക്കുന്നു എന്നുവേണം പറയാന്‍. എന്നാല്‍ ഉമ്മ മകളെ ചതിക്കുകയാണെന്ന് മകളറിയുന്നില്ല.

പുതിയ പരമ്പരയില്‍ അമന്റെ വധുവായി എത്തിയത് ജിന്നാണന്നെറിഞ്ഞ് അമന്റെ ഉമ്മയും മറ്റുംചേര്‍ന്ന് ശരിക്കുള്ള വധുവിനെ തിരികെ അയയ്ക്കുകയാണ്. അമന്‍ വധുവായ ആയിഷയെ പറഞ്ഞ് മനസ്സിലാക്കി തിരികെ പോകാന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ ആയിഷയുടേയും അമന്റേയും വിവാഹം ശരിക്ക് നടന്നിട്ടില്ല. നടന്നത് അമനും ജിന്നും തമ്മിലുള്ള വിവാഹമാണ്.

അതേസമയം റോഷ്‌നിയുടെ നിക്കാഹ് നടത്തണമെന്നും, ബാര്‍ ഡാന്‍സുകാരിയുടെ മകള്‍ എന്ന ചീത്തപ്പേര് ഇല്ലാതാക്കണമെന്നുമാണ് റോഷ്‌നിയുടെ ഉമ്മ കരുതുന്നത്. അതിന് ഉമ്മ റോഷ്‌നിയെ വളരെയേറെ നിര്‍ബന്ധിക്കുന്നുണ്ട്, അവസാനം വിവാഹത്തിന് റോഷ്‌നി സമ്മതിക്കുകയാണ്. ഒരുങ്ങിയിറങ്ങിയ റോഷ്‌നിയെക്കണ്ട് ഉമ്മയ്ക്കുപോലും അസൂയ തോന്നുകയാണ്. റോഷ്‌നിയെ നിക്കാഹ് ചെയ്യാനായെത്തിയ സമീറിനെ റോഷ്‌നിക്ക് ഇഷ്‍ടമാകുന്നില്ല എന്ന് പറയുന്നില്ലെങ്കിലും, റോഷ്‌നിക്ക് താല്പര്യംമില്ലെന്ന് അവളുടെ ചേഷ്‍ടകളില്‍നിന്ന് വ്യക്തമാണ്. എന്നാല്‍ ബേക്കറി തുടങ്ങാന്‍ സമീറും സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ റോഷ്‌നി സമീറിനെ ആരാധിച്ചു തുടങ്ങുന്നു.

പരമ്പര തുടക്കത്തില്‍ത്തന്നെ ട്വിസ്റ്റുകളാല്‍ മുഖരിതമാണെന്നുവേണം പറയാന്‍. റോഷ്‌നിയെ വിവാഹം ചെയ്യാനായെത്തിയ സമീറിന് മറ്റൊരു ഭാര്യയും കുട്ടിയുമുണ്ട് എന്നത് റോഷ്‌നിയുടെ ഉമ്മ അറിയുന്നത് രംഗം കലുക്ഷിതമാക്കും എന്നുതോന്നിയ സന്ദര്‍ഭത്തില്‍ത്തന്നെ അത് റോഷ്‌നിയുടെ ഉമ്മയും അറിഞ്ഞുകൊണ്ടുള്ള പദ്ധതിയാണെന്ന് കാഴ്ച്ചക്കാരന്‍ മനസ്സിലാക്കുന്നത് പരമ്പരയുടെ ഗതിയെത്തന്നെ മാറ്റിയെടുക്കുന്നു. സമീറിന് മറ്റൊരു ഭാര്യയും കുട്ടിയും ഉണ്ടെന്ന സത്യം മറച്ചുവച്ച് റോഷ്‌നിയുടെ വിവാഹം നടത്തുന്നതിന് ഉമ്മ അന്‍പത് ലക്ഷം രൂപയാണ് പ്രതിഫലമായി സമീറില്‍നിന്നും വാങ്ങുന്നത്. അതേ സമയം ജിന്ന് അമന്റെ വീട്ടില്‍ എല്ലാം തകിടം മറിയ്ക്കുകയാണ്. അമനും റോഷ്‌നിയും ഒന്നിക്കുമെന്ന് അറിയാമെങ്കിലും അത് എത്തരത്തിലാണ് എന്നതാണ് പരമ്പരയില്‍ ആകാംക്ഷ നല്‍കുന്നത്. സമീര്‍ ഒരു വിവാഹത്തട്ടിപ്പുകാരനാണ് എന്നറിഞ്ഞിട്ടും ഉമ്മയെന്തിനാണ് പണം വാങ്ങി റോഷ്‌നിയെ സമീറിന് കെട്ടിച്ചുനല്‍കാന്‍ നോക്കുന്നത്. ജിന്നിന്റെ പിടിയില്‍ നിന്ന് എങ്ങനെയാണ് അമനും കുടുംബവും രക്ഷപ്പെടുക എന്നെല്ലാമറിയാന്‍ എപ്പിസോഡുകള്‍ ശ്വാസമടക്കി കാണുക തന്നെ വേണം.