സംപ്രേഷണം ആരംഭിച്ച് ദിവസങ്ങള്‍ മാത്രമായിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയംകവര്‍ന്ന പരമ്പരയാണ് മൊഹബത്ത്. മികവാര്‍ന്ന ഗ്രാഫിക്‌സും, ആരേയും പിടിച്ചിരുത്തുന്ന കഥയും പരമ്പരയ്ക്ക് ആരാധകരെ കൂട്ടുകയാണ്. അമന്‍ റേഷ്‌നി എന്നിവരുടെ ജീവിതത്തിലൂടെയും പ്രണയത്തിലൂടെയുമാണ് പരമ്പര മുന്നേറുന്നത്. ജിന്നിന്റെ കയ്യില്‍നിന്ന് ജീവിതം രക്ഷിക്കാനായുള്ള നെട്ടോട്ടത്തിലാണ് അമന്‍. കഥയില്‍ ഇപ്പോള്‍ അമന്റെ ഉമ്മ ജിന്നിന്റെ കയ്യിലാണ് എന്നുപറയാം. ഏതു നിമിഷവും അമന്റെ ഉമ്മയുടെ ജീവന്‍ നഷ്‍ടമായേക്കാം. അതിനായി അമന്‍ ചെയ്യേണ്ടത് അയാനയെ വിവാഹം കഴിക്കുക എന്നതാണ്.

ജിന്നില്‍നിന്ന് സൗഭാഗ്യങ്ങള്‍ സ്വീകരിക്കുന്നതിനായി അമന്റെ ഉപ്പ അയാന എന്ന പെണ്‍കുട്ടിയെ പുഴയിലെറിഞ്ഞതാണ്. ആ പെണ്‍കുട്ടിയാണ് റോഷ്‌നിയെന്ന് മനസ്സിലാക്കി അവളെ കൂട്ടിക്കൊണ്ടുവരാന്‍ അമന്‍ ചെന്നപ്പോഴാണ് അവള്‍ ഒരു ബാര്‍ നര്‍ത്തകിയുടെ മകളാണെന്നും മറ്റും അമന്‍ അറിയുന്നത്. അമന്റെ ഉമ്മ റോഷ്‌നിയെ വിവാഹം കഴിക്കുന്നതില്‍നിന്നും അമനെ വിലക്കുകയാണ്. എന്നാലും ഉമ്മയുടെ ജീവനുവേണ്ടി അമന്‍ റോഷ്‌നിയെ മനസില്ലാ മനസ്സോടെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

തെറ്റിദ്ധാരണയുടെ പുറത്ത് റോഷ്‌നിയെ അമന്‍ കാണുന്നത് പണത്തിനായി എന്തും ചെയ്യുന്ന ഒരുവളായാണ്. റോഷ്‌നിയുടെ വിവാഹദിവസം അമന്‍ റോഷ്‌നിയെ തട്ടിക്കൊണ്ടുപോവുകയും, അവളുടെ വിവാഹം മുടങ്ങുകയും ചെയ്യുന്നു. പണം എത്രയാണെന്നു വച്ചാല്‍ തരാമെന്ന് അമന്‍ പറയുന്നുവെങ്കിലും  ഉമ്മയുടെ വാക്കുകളെ അനുസരിക്കാതിരിക്കാന്‍ കഴിയില്ല എന്ന് റോഷ്‌നിഅറിയിക്കുകയാണ്. ഇന്നുതന്നെ നിക്കാഹ് നടക്കണമെന്നും അതിന് കുറച്ചുകഴിയുമ്പോള്‍ വരണമെന്നും പറഞ്ഞ് അമന്‍ പോകുന്നു. വീട്ടില്‍ എത്തിയ റോഷ്‌നിയെ ഉമ്മ വഴക്കു പറയുകയാണ്. നീ കാരണം എല്ലാം നഷ്‍ടമായെന്നും മറ്റും. എന്നാല്‍ അമന്‍ വരുന്നതിന് മുമ്പ് ഇവിടെ നിന്ന് നമുക്ക് പോകണം എന്നും, അയാള്‍ മായാജാലക്കാരനാണെന്നും, പണം എത്രയാണെന്നു വച്ചാല്‍ അയാള്‍ തരുമെന്നും റോഷ്‌നി പറയുന്നു.  പണം എന്നു കേട്ട് റോഷ്‌നിയുടെ ഉമ്മ, പെട്ടന്ന് കളം മാറ്റുകയാണ്.

പണത്തിന് ആര്‍ത്തിയുള്ള ഉമ്മ പെട്ടന്ന് തല കറങ്ങിയതുപോലെ അഭിനയിക്കുന്നത് പ്രേക്ഷകര്‍ക്ക് ഉമ്മയെപ്പറ്റി വ്യക്തമായി അറിയാൻ സഹായിക്കുന്നു. ആശുപത്രി ചിലവ് നോക്കാനായി തന്റെ വള വില്‍ക്കാന്‍ റോഷ്‌നി തീരുമാനിക്കുന്നു. എന്നാല്‍ വീട്ടിലെത്തിയ റോഷ്‌നി വീട്ടിലുള്ളതെല്ലാം പുറത്തേക്കെറിയുന്ന വീട്ടുടമസ്ഥരെയാണ് കാണുന്നത്. അങ്ങനെ മറ്റു മാര്‍ഗങ്ങളില്ലാതെ റോഷ്‌നി അമന്റെ അടുത്തെത്തുകയും അവരുടെ നിക്കാഹ് നടക്കുകയുമാണ്.

രണ്ട് ഉമ്മമാരോടുള്ള സ്‌നേഹത്തിനുവേണ്ടി അമനും റോഷ്‌നിയും വിവാഹിതരാവുകയാണ്. റോഷ്‌നി പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരു പെണ്ണാണ് എന്നുതന്നെയാണ് അമന്‍ കാണുന്നത്. നിക്കാഹ് നടന്ന് വീട്ടിലെത്തുന്ന റോഷ്‌നി അവളറിയാത്ത അവളിലുള്ള കഴിവുകൊണ്ട് അമന്റെ ഉമ്മയെ ജിന്നില്‍നിന്ന് രക്ഷിക്കുകയാണ്. തന്റെ പാതിയായ റോഷ്‌നിയെകൊണ്ടു മാത്രമേ ഇനി രക്ഷയുള്ളു എന്ന് അമന്‍ മനസിലാക്കുന്ന ഭാഗവും പരമ്പരയിലുണ്ട്. എന്നാല്‍ ബോധത്തിലേക്ക് തിരികെയെത്തിയ ഉമ്മ റേഷ്‌നി എന്തിനാണ് വീട്ടിലേക്ക് വന്നതെന്ന് ചോദിക്കുകയാണ്.റോഷ്‌നിയുടെ ഉമ്മ തനിക്ക് ഹൃദയത്തിന് വലിയ പ്രശ്‌നമാണ് എന്ന് റോഷ്‌നിയോട് പറയാന്‍ ഡോക്ടറെ വട്ടം കൂട്ടുന്നിടത്താണ് പുതിയ ഭാഗം അവസാനിക്കുന്നത്. ഉമ്മയുടെ പണക്കൊതി റോഷ്‌നി മനസ്സിലാക്കുമോ ? റോഷ്‌നി നല്ലവളാണെന്ന് അമനും ഉമ്മയും മനസ്സിലാക്കുമോ ? അമനും റോഷ്‌നിയും ഒന്നിക്കുമ്പോള്‍ ജിന്ന് അമന്റെ ജീവിതത്തില്‍നിന്നും പിന്‍വാങ്ങുമോ.. മനോഹരമായതും ഉദ്യോഗജനകവുമായ ഭാഗങ്ങള്‍ക്കായി കാത്തിരിക്കാം.