സംപ്രേക്ഷണം ആരംഭിച്ച് 35 എപ്പിസോഡുകള്‍കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന പരമ്പരയാണ് മൊഹബത്ത്. അമന്‍ റോഷ്‍നി എന്നീ കഥാപാത്രങ്ങളുടെ പ്രണയം, നാടോടികഥയിലൂന്നിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. അമാനുഷിക കഴിവുകളുള്ള കഥാപാത്രമാണ് അമന്‍. അമന്റെ ഉപ്പ ജിന്നിനെ പ്രീതിപ്പെടുത്തി കുടുംബത്തെ ലോകത്തിലെതന്നെ  വലിയ പണക്കാരാക്കിയതാണ്. കൂടാതെ അമന്റെ ഉപ്പ ജിന്നിന് പ്രത്യുപകാരമായി അമനെ നല്‍കാമെന്നാണേറ്റത്. എന്നാല്‍ അമന്റെ ഉപ്പ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്‍ത് മറ്റെവിടെയോ ആണുള്ളത്. യഥാര്‍ത്ഥ ജിന്ന് ഇപ്പോഴും വിളകിനുള്ളില്‍ തന്നെയാണുള്ളത്.  ആ ജിന്നിനെ രക്ഷിക്കുകയാണ് അനുചരന്മാരായ ജിന്നുകളുടെ ലക്ഷ്യം. ജിന്ന് പുറത്തുവന്നുകഴിഞ്ഞാല്‍ അമന്റെ ജീവന് അത് ആപത്താണ്. പ്രത്യുപകാരമായി അമനെ നല്‍കാമെന്നേറ്റ അന്നുതന്നെ ജിന്നിന്റെ പാതി അമന്റെയുള്ളിലുണ്ട്. അതിനാല്‍ ചാന്ദ്രദിനങ്ങളില്‍ അമന്‍ ജിന്നായി മാറുന്നു.

വളരെ കുട്ടിയില്‍ത്തന്നെ അമന്റെ ഉപ്പ മന്ത്രങ്ങള്‍ക്കായി പുഴയിലൊഴുക്കിയ കുട്ടിയാണ് അയാന. അമന്റെ തുടര്‍ന്നുള്ള ജീവിതം നല്ലരീതിയില്‍ത്തന്നെ മുന്നോട്ടുപോകണമെങ്കില്‍ അയാനയെ വിവാഹം ചെയ്യണമെന്നാണ്.  അയാന എന്ന പെണ്‍കുട്ടി, ഇപ്പോള്‍ റോഷ്‌നിയായി ജീവിക്കുന്നു എന്നറിഞ്ഞ അമന്‍ അവളെ വിവാഹം ചെയ്‍തു. പാതി മനസ്സോടെയാണ്, ബാര്‍ ഡാന്‍സറായിരുന്ന സല്‍മ്മയുടെ വളര്‍ത്തുപുത്രിയായ റോഷ്‌നിയെ അമന്‍ വിവാഹം ചെയ്യുന്നത്. അമന്റെ ഉമ്മയില്‍നിന്ന്  റോഷ്‌നി എല്ലായ്‌പ്പോഴും അവഹേളിതയാകുന്ന തരത്തിലാണ് കഥാഗതി. റോഷ്‌നിയുടെ ഉമ്മ റോഷ്‌നിയെ 51 ലക്ഷം രൂപയ്ക്കുവേണ്ടി സമീര്‍ എന്നയാള്‍ക്ക് വിവാഹം ചെയ്‍ത് നല്‍കാനിരിക്കെയായിരുന്നു അമന്‍ റോഷ്‌നിയെ ബലം പ്രയോഗിച്ചെന്ന തരത്തില്‍ വിവാഹം കഴിക്കുന്നത്.

അമന്റെ സഹോദരി സൈമയുടെ നിക്കാഹിന്റെ ഒരുക്കങ്ങളാണ് വീട്ടില്‍ നടക്കുന്നത്. എന്നാല്‍ സൈമയെ വിവാഹം ചെയ്യാന്‍ പോകുന്നയാളുടെ സഹോദരീഭര്‍ത്താവാണ് സമീര്‍ എന്ന് അമനും റോഷ്‌നിയും ഞെട്ടലോടെയാണ് അറിയുന്നത്. റോഷ്‌നി സമീറിനെ ഒരുകാലത്ത് പ്രണയിച്ചിരുന്നുവെന്നാണ് അമന്‍ കരുതുന്നത്. അങ്ങനെതന്നെയാണ് സമീര്‍ അമനോട് പറയുന്നതും. ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യരുതെന്നും, അവരെ എല്ലാവര്‍ക്കും ആസ്വദിക്കാനുള്ളതാണ് എന്നെല്ലാം സമീര്‍ അമനോട് പറയുന്നുണ്ട്. റോഷ്‌നിയുമായി ഒരു അവിഹിത ബന്ധം പുലര്‍ത്താനും, അമനുമായുള്ള റോഷ്‌നിയുടെ ദാമ്പത്യം തകര്‍ക്കാനുമാണ് സമീര്‍ ശ്രമിക്കുന്നത്. സമീറിനെചൊല്ലി അമനും റോഷ്‌നിയും തമ്മില്‍ കലഹിക്കുകയും റോഷ്‌നിയെ അവളുടെ വീട്ടിലേക്ക് അയക്കുകയുമാണ്.

അമന്റെ സഹോദരിയുടെ വിവാഹം കുളമാക്കാനായി സമീര്‍ മുന്നിട്ടിറങ്ങുന്നുണ്ട്. സൈമയെ വിവാഹം കഴിക്കാന്‍പോകുന്ന അല്‍ത്താഫിന്റെ ഫോണ്‍, അളിയന്‍ കൂടിയായ സമീര്‍ മോഷ്‍ടിക്കുകയും, അതിലുള്ള അല്‍ത്താഫിന്റെയും സൈമയുടെയും രഹസ്യവീഡിയോ സൈമയ്ക്ക് അയക്കുകയും ചെയ്യുന്നു. അഞ്ച് കോടി രൂപ തന്നില്ലെങ്കില്‍ ഈ വീഡിയോ എല്ലാവരേയും കാണിക്കുമെന്നാണ് സമീറിന്റെ ഭീഷണി. എന്നാല്‍ വിളിക്കുന്നത് സമീറാണെന്ന് ആരും അറിയുന്നില്ല. അങ്ങനെ സൈമ റോഷ്‌നിയെ വിളിച്ചുവരുത്തുന്നു. എന്നാല്‍ സൈമയോട് പേടിക്കണ്ടായെന്നും, എല്ലാ പ്രശ്‌നവും താന്‍ കൈകാര്യം ചെയ്‌തോളാമെന്നുമാണ് റോഷ്‌നി പറയുന്നത്.

അതേസമയം അമന്റെ വീട്ടിലെത്തുന്ന ജിന്ന് റോഷ്‌നിയെ കുടുക്കാനായി മാന്ത്രികകിണര്‍ ഒരുക്കുകയും, വീട്ടിലെ ചെറിയ കുട്ടിയായ ഫൈസി അതില്‍ അകപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഫൈസിയെ റോഷ്‌നി ധൈര്യപൂര്‍വ്വം രക്ഷിക്കുകയാണ്. എന്നാല്‍ റോഷ്‌നി കിണറില്‍ പെടുന്നു.അമന്‍ തന്റെ ജീവന്‍ പണയംവെച്ച് റോഷ്‌നിയെ സംരക്ഷിക്കുകയാണ്. സൈമയുടെ പ്രശ്‌നത്തിന് അമന്‍ നല്‍കിയ ബ്ലാങ്ക് ചെക്ക് ഉപയോഗിക്കാനാണ് റോഷ്‌നിയുടെ താരുമാനം. എന്നാല്‍ തീക്കളികള്‍ എങ്ങനെ അവസാനിക്കുമെന്നത് ആകാംക്ഷയായി നില്‍ക്കുകയാണ്. ഒരുവശത്ത് ജിന്നിന്റെ വിളയാട്ടം മറുവശത്ത് സമീറിന്റെ ബ്ലാക്ക്‌മെയിലിംഗ്. കൂടാതെ റോഷ്‌നിക്ക് അമന്റെ ഉമ്മയില്‍നിന്നും നേരിടേണ്ടിവരുന്ന അവഹേളനങ്ങള്‍. പരമ്പര അനുനിമിഷം ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്താണ് കഥാഗതി എന്നുമനസ്സിലാക്കാന്‍ വരും ഭാഗങ്ങള്‍ ശ്വാസമടക്കി കാണേണ്ടിയിരിക്കുന്നു.