മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ടി' ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. വിന്‍റേജ് ബെന്‍സ് കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന മോഹന്‍ലാല്‍ കഥാപാത്രമായ 'ഗോപന്‍റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ക്രിസ്മസ് ദിനത്തിലും മറ്റൊരു സ്റ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്.

ചുവന്ന ഷർട്ട് ധരിച്ച് മുണ്ട് മടക്കിയുടുത്ത് മാസ് ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെയും ചിത്രത്തില്‍ കാണാം.

My first day at aarattu

Posted by Shameer Muhammed on Wednesday, 30 December 2020

'നെയ്യാറ്റിന്‍കര ഗോപന്‍' എന്നാണ് 'ആറാട്ടി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്.  ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.